ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16നോ? പ്രചരിക്കുന്ന തീയതിക്ക് പിന്നില്‍
2024 ഏപ്രിൽ 16ന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കും എന്നാണ് വാട്സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്
ദില്ലി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തിയതി ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഹാട്രിക് ഭരണം സ്വന്തമാക്കുമോ അതോ പ്രതിപക്ഷത്തിന്‍റെ 'ഇന്ത്യാ മുന്നണി' കരുത്താര്‍ജിക്കുമോ എന്നതാണ് ആകാംക്ഷ. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക ഏപ്രിൽ 16നാണ് എന്ന പേരിലൊരു മെസേജ് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റചട്ടം ഫെബ്രുവരി 16ന് പ്രാബല്യത്തിൽ വരുമെന്നും മെസേജ് അവകാശപ്പെടുന്നു. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
2024 ഏപ്രിൽ 16ന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കും എന്നാണ് വാട്സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. സാധാരണയായി ഘട്ടം ഘട്ടമായി മാത്രമേ രാജ്യത്തിന്‍റെ വിസ്തൃതിയും വോട്ടര്‍മാരുടെ ആധിക്യവും പരിഗണിച്ച് ലോക്സഭ ഇലക്ഷന്‍ പ്രഖ്യാപിക്കാറുള്ളൂ. എന്നിട്ടുമാണ് ഒരു തിയതി മാത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സമാന തിയതി ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്. നസ്റുല്‍ ഇസ്ലം എന്നയാള്‍ 2024 ജനുവരി 24ന് ഫേസ്ബുക്കില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്സഭ ഇലക്ഷന്‍ തിയതി ഏപ്രില്‍ 16 ആയി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു എന്നാണ് ഈ എഫ്ബി പോസ്റ്റില്‍ പറയുന്നത്.
വസ്തുത
എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു പ്രഖ്യാപനവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിട്ടില്ല. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിക്കും എന്നും പിഐബി സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു.
Read more: സംശയം ഒഴിയുന്നില്ല; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ വിരാട് കോലി പങ്കെടുത്തോ? വീഡിയോ സത്യമോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം