രാഷ്ട്രീയത്തില്‍ ട്രംപ് ദുരന്തമാകുമെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞോ?; എന്താണ് വാസ്തവം
'സാമാന്യ ബുദ്ധിയില്ലാത്ത ഒരു വിഡ്ഢിയാണ് അവന്‍. സാമൂഹ്യമായ കഴിവ് ഒന്നുമില്ല. അവന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. പോയാല്‍ അവന്‍ ഒരു ദുരന്തമായി മാറും. എന്തൊക്കെ പറഞ്ഞാലും അവന്‍ എന്റെ മകനാണ്'-ഇതായിരുന്നു ട്രംപിനെ കുറിച്ച് അമ്മ മേരി ആന്‍ ട്രംപ് പറഞ്ഞത് എന്ന തരത്തില്‍ പ്രചരിച്ചത്.
അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിര ആക്രമണത്തിന് ശേഷം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ട ഒന്നായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാതാവ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു എന്ന തരത്തില്‍ ഒരു പോസ്റ്റര്‍. സാമാന്യ ബുദ്ധിയില്ലാത്ത ഒരു വിഡ്ഢിയാണ് അവന്‍. സാമൂഹ്യമായ കഴിവ് ഒന്നുമില്ല. അവന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. പോയാല്‍ അവന്‍ ഒരു ദുരന്തമായി മാറും. എന്തൊക്കെ പറഞ്ഞാലും അവന്‍ എന്റെ മകനാണ്-ഇതായിരുന്നു ട്രംപിനെ കുറിച്ച് അമ്മ മേരി ആന്‍ ട്രംപ് പറഞ്ഞത് എന്ന തരത്തില്‍ പ്രചരിച്ചത്.
ട്രംപിന്റെ അമ്മ അങ്ങനെ പറഞ്ഞിട്ടുണ്ടോ...
ട്രംപിന്റെ മാതാവ് ട്രംപിനെക്കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ എന്നതിന് യാതൊരു തെളിവുമില്ലെന്ന് റോയിട്ടേഴ്‌സ് ഫാക്ട് ചെക് ടീം റിപ്പോര്‍ട്ട് ചെയ്തു. മേരി ആന്‍ മക്ലിയോഡ് എന്നാണ് അവരുടെ ആദ്യത്തെ പേര്. 1930ല്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. 2000ത്തില്‍ അന്തരിച്ചു. അതേസമയം, 2000ത്തില്‍ ട്രംപ് രാഷ്ട്രീയത്തില്‍ പിച്ചവെച്ച് തുടങ്ങിയിട്ടേയുള്ളൂ. ആദ്യം അറിയപ്പെടുന്ന ബിസിനസുകാരനായ ട്രംപ് പിന്നെയാണ് പൊതുമധ്യത്തില്‍ അറിയപ്പെടുന്ന ആളായി മാറിയത്. ട്രംപിനെ കുറിച്ച് അവരുടെ അമ്മ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതിന്റെ വാര്‍ത്തകളോ മറ്റ് തെളിവുകളോ ഇല്ല. തെളിവുണ്ടായിരുന്നെങ്കില്‍ 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്തുതന്നെ ഇത് വെളിപ്പെടുമായിരുന്നു. 1980ല്‍ വാനിറ്റി ഫെയറില്‍ ട്രംപിന്റെ ആദ്യ ഭാര്യയോട് എനിക്കിങ്ങനെ ഒരു മകനുണ്ടായല്ലോ എന്ന് അവര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് കണ്ടെത്തിയിട്ടുണ്ട്.
പ്രചാരണത്തിന്റെ പശ്ചാത്തലം
യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ട്രംപ് അനുകൂലികള്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിനെതിരെ സോഷ്യല്‍മീഡിയയില്‍ ഇത്തരമൊരു പ്രചാരണം ആരംഭിച്ചത്. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ട്രംപിനെതിരെയുണ്ടാകുന്നത്. അദ്ദേഹത്തെ ഇംപീച്ച് ചെയ്യുന്നതടക്കമുള്ള നിയമനടപടികള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.