കയ്യും കാലും കെട്ടി ആഴത്തില്‍ ട്രെയിനിംഗ്, ഇന്ത്യന്‍ നേവിയുടെ പരിശീലന വീഡിയോയോ? സത്യമറിയാം
കാണുന്നവരുടെ ശ്വാസം നിലപ്പിക്കുന്ന ഈ വീഡിയോ ഇന്ത്യന്‍ നേവിയുടെ പരിശീലനത്തിന്‍റെതാണോ?
കണ്ടാല്‍ ആരുമൊന്ന് തലയില്‍ കൈവെച്ചുപോകുന്ന ഒരു പരിശീലന വീഡിയോ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. കൈകളും കാലുകളും കെട്ടിയ ശേഷം ആഴമേറിയ ജലത്തില്‍ കുറച്ചുപേര്‍ പരിശീലനം നടത്തുന്നതാണ് വീഡിയോയില്‍. ശരീരം ബന്ധിച്ച ശേഷം മുങ്ങാംകുഴിയിട്ട് ജലാശയത്തിന് ഏറ്റവും അടിയില്‍ സജ്ജീകരിച്ചിരിക്കുന്ന മേശയില്‍ നിന്ന് സ്വിമ്മിംഗ് ഗോഗിൾസ് തപ്പിയെടുക്കുന്നതാണ് ഈ പരിശീലനം. കാണുന്നവരുടെ ശ്വാസം നിലപ്പിക്കുന്ന ഈ വീഡിയോ ഇന്ത്യന്‍ നേവിയുടെ പരിശീലനത്തിന്‍റെതാണോ?
പ്രചാരണം
ഇന്‍സ്റ്റഗ്രാമില്‍ navylovers._official എന്ന അക്കൗണ്ടില്‍ നിന്ന് 'ഇന്ത്യന്‍ നേവി ട്രെയിനിംഗ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതികഠിനമായി കുറച്ചുപേര്‍ വെള്ളത്തിനടിയില്‍ പരിശീലിക്കുന്നതായി വീഡിയോയില്‍ കാണാം. ഇതിനകം 20 ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തുകഴിഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ അമേരിക്കയില്‍ നിന്നുള്ളതാണ് എന്ന് പലരും വീഡിയോയുടെ കമന്‍റ് ബോക്‌സില്‍ സൂചിപ്പിക്കുന്ന സാഹചര്യത്തില്‍ വീഡിയോയുടെ യാഥാര്‍ഥ്യം എന്ത് എന്ന് പരിശോധിക്കാം.
ഇന്‍സ്റ്റ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
വീഡിയോയില്‍ കാണുന്നത് ഇന്ത്യന്‍ നേവിയുടെ പരിശീലനമല്ല, അമേരിക്കയിലുള്ള ഒരു ഫിറ്റ്നസ് ഗ്രൂപ്പിന്‍റെ ട്രെയിനിംഗാണ് എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ നേവിയുടെ പരിശീലനം എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതിലൂടെയാണ് ഇക്കാര്യം ബോധ്യമായത്. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തന്നെയുള്ള മറ്റൊരു വീഡിയോയിലേക്കെത്തി. deependfitness എന്ന അക്കൗണ്ടിലാണ് പ്രചരിക്കുന്ന സമാന വീഡിയോ കണ്ടത്. ഇത് മാത്രമല്ല, വെള്ളത്തില്‍ വച്ചുള്ള ട്രെയിനിംഗിന്‍റെ മറ്റനേകം വീഡിയോകളും ഡീപ് എന്‍ഡ് ഫിറ്റ്‌നസ് എന്ന അക്കൗണ്ടില്‍ കാണാം.
എന്താണ് deep end fitness എന്ന് മനസിലാക്കാന്‍ അവരുടെ വെബ്സൈറ്റ് പരിശോധിക്കുകയാണ് അടുത്തതായി ചെയ്തത്. അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള പരിശീലന സ്ഥാപനമാണ് ഇതെന്നാണ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ വിശദമാക്കുന്നത്. വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ല എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം.
നിഗമനം
ഇന്ത്യന്‍ നേവിയുടെ പരിശീലനത്തിന്‍റെത് എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ അമേരിക്കയില്‍ നിന്നുള്ളതാണ്.
Read more: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര പരിസരം വൃത്തിയാക്കുന്നത് അയോധ്യയിലോ? ഇതാണ് സത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം