ഓണക്കിറ്റിലെ ശര്‍ക്കരയില്‍ അടിവസ്ത്രം കണ്ടെത്തിയോ? വീഡിയോ പ്രചാരണത്തിന്‍റെ സത്യമറിയാം- Fact Check

ഇപ്രാവശ്യത്തെ സർക്കാർ ഓണകിറ്റിൽ നിന്ന് ശർക്കരയോടൊപ്പം ഒരു അടിവസ്ത്രം ലഭിച്ചു എന്നാണ് പ്രചാരണം 

does kerala government provided onam kit 2024 contain jaggery with innerwear here is the fact

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ അടിവസ്ത്രം കണ്ടെത്തി എന്ന തരത്തില്‍ സാമൂഹ്യമാധ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മാധ്യമവാര്‍ത്തകളൊന്നും ലഭ്യമല്ലാത്തതിനാല്‍ വീഡിയോയുടെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

'ഇപ്രാവശ്യത്തെ സർക്കാർ ഓണക്കിറ്റിൽ ശർക്കരയോടൊപ്പം ഒരു അടിവസ്ത്രം തികച്ചും ഫ്രീ'- എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ത്രഡില്‍ പങ്കുവെച്ചിരിക്കുന്നത്. 'സർക്കാർ ഓണം ഓഫർ, ശർക്കരയുടെ  കൂടെ അടിവസ്ത്രം തികച്ചും ഫ്രീ' എന്ന കുറിപ്പോടെ ഫേസ്‌ബുക്കിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. വലിയ ശര്‍ക്കര ഒരാള്‍ കത്തിക്കൊണ്ട് പൊട്ടിക്കുന്നതും അതിന്‍റെയുള്ളില്‍ നിന്ന് ഒരു തുണിക്കഷണം കണ്ടെത്തുന്നതുമാണ് വീഡിയോയില്‍.

does kerala government provided onam kit 2024 contain jaggery with innerwear here is the fact

വസ്‌തുതാ പരിശോധന

കേരള സര്‍ക്കാര്‍ 2024ലെ ഓണത്തിന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയ്ക്കുള്ളില്‍ നിന്ന് അടിവസ്ത്രം കണ്ടെത്തിയതായി ഏതെങ്കിലും മാധ്യമവാര്‍ത്തകളുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ മാധ്യമവാര്‍ത്തകളൊന്നും ലഭ്യമായില്ല. അതേസമയം ഇത്തവണത്തെ ഓണക്കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ നടക്കുന്ന പ്രചാരണം വ്യാജമാണ് എന്നുറപ്പായി. 

2024 ഓണക്കിറ്റില്‍ 13 ഇനം ആവശ്യസാധനങ്ങളാണ് കേരള സര്‍ക്കാര്‍ വിതരണം ചെയ്തത്. അവയുടെ പട്ടിക സിവില്‍ സപ്ലൈസ് വകുപ്പ് ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ചെറുപയര്‍, തുവര പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് ഓണക്കിറ്റിലുണ്ടായിരുന്നതെന്നും ശര്‍ക്കര ഉണ്ടായിരുന്നില്ല എന്നും ഇതില്‍ നിന്ന് വ്യക്തം. 

does kerala government provided onam kit 2024 contain jaggery with innerwear here is the fact

ഇതേത്തുടര്‍ന്ന് വീഡിയോയുടെ വസ്‌തുത മനസിലാക്കാന്‍ നടത്തിയ വിശദ തിരച്ചില്‍ ഈ ദൃശ്യങ്ങള്‍ 2020 മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ് എന്നും കണ്ടെത്താനായി. വീഡിയോ പഴയതാണെന്നും 2024ലേത് അല്ലായെന്ന് ഈ തെളിവും അടിവരയിടുന്നു.

does kerala government provided onam kit 2024 contain jaggery with innerwear here is the fact

ശര്‍ക്കരയില്‍ മാലിന്യം കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണ് എന്ന് ഐആന്‍ഡ് പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് പരിശോധനയില്‍ കണ്ടെത്താനായില്ല. 

does kerala government provided onam kit 2024 contain jaggery with innerwear here is the fact

നിഗമനം

കേരള സര്‍ക്കാര്‍ 2024ല്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് അടിവസ്ത്രം കണ്ടെത്തിയെന്ന വീഡിയോ പ്രചാരണം വ്യാജമാണ്. ഉറവിടം വ്യക്തമല്ലാത്ത പഴയ വീഡിയോ ഉപയോഗിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നത്. ഇത്തവണ ഓണക്കിറ്റില്‍ ശര്‍ക്കര ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

Read more: മണിപ്പൂര്‍ സംഘര്‍ഷം; ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ എന്ത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios