'നല്ല മാതൃക, ഓസീസിന്‍റെ കിരീടം പലസ്‌തീന്‍ ജനതയ്‌ക്ക് സമര്‍പ്പിച്ച് ട്രാവിസ് ഹെഡ്'; നടക്കുന്നത് വ്യാജ പ്രചാരണം
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ട്രാവിഡ് ഹെഡിന്‍റെ ട്വിറ്ററില്‍ നിന്ന് തന്നെയോ?
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി പലസ്‌തീന്‍ ജനതയ്‌ക്ക് സമര്‍പ്പിച്ചോ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ട്രാവിഡ് ഹെഡ്. ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസീസിന്‍റെ വിജയശില്‍പിയായിരുന്നു സെഞ്ചുറിയുമായി തിളങ്ങിയ ഹെഡ്. ഓസ്ട്രേലിയയുടെ കിരീടധാരണം ട്രാവിസ് ഹെഡ് പലസ്‌തീന്‍ ജനതയ്‌ക്ക് സമര്‍പ്പിച്ചതായാണ് ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഫേസ്‌ബുക്കും ട്വിറ്ററും ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പ്രചാരണം
'ഈ വിജയം പലസ്‌തീനിലെ നിഷ്‌കളങ്കരായ ജനങ്ങള്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. ലോകം മൊത്തം സമാധാനമുണ്ടാവട്ടെ'... എന്നും ട്രാവിസ് ഹെഡ് ട്വീറ്റ് ചെയ്‌തതായാണ് സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകളും ഈ ട്വീറ്റില്‍ കാണാം. കേരളത്തിലുള്‍പ്പടെ നിരവധി പേര്‍ ഈ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. ട്രാവിസ് ഹെഡ് ഓസീസ് നേടിയ കിരീടം ട്വിറ്ററിലൂടെ പലസ്‌തീന്‍ ജനതയ്‌ക്ക് സമര്‍പ്പിച്ചോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്‌തുതാ പരിശോധന
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ട്രാവിഡ് ഹെഡിന്‍റെ ട്വിറ്ററില്‍ നിന്ന് തന്നെയോ എന്ന് വിശദമായി ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് ടീം പരിശോധിച്ചു. എന്നാല്‍ ഹെഡിന്‍റെ പേരിലുള്ള ഈ അക്കൗണ്ട് നീല ടിക് മാര്‍ക്കോടെ വെരിഫൈഡ് അല്ല എന്ന് കാണാം. ഇതൊരു പാരഡി അക്കൗണ്ടാണ് എന്ന് വിവരണം നല്‍കിയിരിക്കുന്നത് ഒന്ന നോട്ടത്തില്‍ കാണാനായി. അതിനാല്‍ തന്നെ ട്രാവിസ് ഹെഡിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് അല്ല ഇതെന്ന് ബോധ്യപ്പെട്ടു. ഹെഡിന് മറ്റേതെങ്കിലും വെരിഫൈഡ് അക്കൗണ്ട് ട്വിറ്ററിലുണ്ടോ എന്നും തിരക്കി. എന്നാല്‍ ട്രാവിസ് ഹെഡിന്‍റെ പേരിലൊരു വെരിഫൈഡ് അക്കൗണ്ട് പരിശോധനയില്‍ കണ്ടെത്താനായില്ല. മാത്രമല്ല, ട്രാവിസ് ഹെഡ് ഇത്തരമൊരു പ്രസ്‌താവന ഇന്ത്യ-ഓസീസ് ഫൈനലിന് ശേഷം നടത്തിയതായി കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനും സാധിച്ചില്ല.
നിഗമനം
ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം പലസ്‌തീന്‍ ജനതയ്‌ക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ട്രാവിസ് ഹെഡ് സമര്‍പ്പിച്ചിട്ടില്ല. ഹെഡിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജവും പാരഡി അക്കൗണ്ടില്‍ നിന്നുള്ളതുമാണ്.
Read more: ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം എന്ന് വാര്‍ത്ത, ശരിയോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം