'പലസ്തീന്‍ പതാക വീശി ഗാസയ്ക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'! വീഡിയോ വൈറല്‍, ശരിയോ?
വെള്ള ജേഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് രൂപസാദൃശ്യമുള്ള ഒരു താരം മൈതാനത്ത് വച്ച് പലസ്തീന്‍ പതാക വീശുന്നതിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്
ഇസ്രയേല്‍- ഹമാസ് സംഘർഷം വ്യാപിക്കുന്നതിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയോ? സിആർ7 പലസ്തീന്‍ പതാക വീശി ഗാസയിലെ ജനതയ്ക്ക് പിന്തുണ അറിയിച്ചു എന്നാണ് വീഡിയോ സഹിതമുള്ള പ്രചാരണം. എന്താണ് ഇതിലെ വസ്തുത?
പ്രചാരണം
വെള്ള ജേഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് രൂപസാദൃശ്യമുള്ള ഒരു താരം മൈതാനത്ത് വച്ച് പലസ്തീന്‍ പതാക വീശുന്നതിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ (എക്സ്) വൈറലായിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ക്രിസ്റ്റ്യാനോ ആണെന്ന് പലരും ഉറപ്പിക്കുന്നു. കിംഗ് റൊണാള്‍ഡോയും പലസ്തീന്‍ മുസ്ലീംകളെ പിന്തുണയ്ക്കുന്നു എന്നാണ് വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് എം ഹൊസൈഫ എന്നയാളുടെ കുറിപ്പ് 2023 ഒക്ടോബർ എട്ടാം തിയതി പ്രത്യക്ഷപ്പെട്ടത്. മത്സര വിജയത്തിന് ശേഷം പലസ്തീന്‍ പതാക വീശി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവർക്കുള്ള പിന്തുണ അറിയിക്കുകയാണ് എന്നായിരുന്നു മറ്റൊരു ട്വീറ്റ്. വെരിഫൈഡ് അക്കൌണ്ടുകളില്‍ നിന്നടക്കം വീഡിയോ സഹിതം ഇത്തരം ട്വീറ്റുകള്‍ കാണാം.
വസ്തുത
എന്നാല്‍ വീഡിയോയിലുള്ളത് പോർച്ചുഗീസ് സ്റ്റാർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ല എന്നതാണ് വസ്തുത. പലസ്തീന്‍ പതാക വീശുന്ന ഫുട്ബോള്‍ താരം മൊറോക്കോയുടെ ജാവേദ് എല്‍ യാമിഖ് ആണ്. 2022 ഫിഫ ലോകകപ്പിലെ മത്സരത്തില്‍ കാനഡയെ മൊറോക്കോ തോല്‍പിച്ചതിന് പിന്നാലെയായിരുന്നു പലസ്തീന് പിന്തുണ അറിയിച്ചുള്ള യാമിഖിന്‍റെ ആഘോഷം. ഈ വീഡിയോ അന്ന് മിഡില്‍ ഈസ്റ്റ് ഐ എന്ന ട്വിറ്റർ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരുന്നതായി കീവേഡ് സെർച്ചില്‍ കണ്ടെത്തി. ഈ വീഡിയോയിലുള്ള താരവും ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയിലുള്ള താരവും ഒന്നുതന്നെയെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. പലസ്തീന്‍ പതാക വീശുന്നതായി ദൃശ്യങ്ങളിലുള്ളത് ക്രിസ്റ്റ്യനോ റൊണാള്‍ഡോ അല്ല, മൊറോക്കന്‍ ഫുട്ബോളർ ജാവേദ് എല്‍ യാമിഖാണ്.
യഥാര്‍ഥ വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം