ഫ്രണ്ട്‌സ് സ്റ്റാര്‍ മാത്യു പെറിയുടെ മരണ കാരണം കൊവിഡ് വാക്‌സീന്‍?
മാത്യു പെറിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മരണ കാരണമായി പലരും കൊവിഡ് വാക്‌സീനെ ചേര്‍ത്തുകെട്ടിയത്
ലോക പ്രശസ്‌ത സിറ്റ്കോമായ ഫ്രണ്ട്സിലെ താരമായിരുന്ന മാത്യു പെറിയുടെ വേര്‍പാടിന്‍റെ ഞെട്ടല്‍ അദേഹത്തിന്‍റെ ആരാധകര്‍ക്ക് മാറിയിട്ടില്ല. 54 വയസുകാരനായ പെറിയെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. ഹൃദയാഘാതമാണ് മാത്യു പെറിയുടെ മരണകാരണമെന്നാണ് ആദ്യം പുറത്തുവന്ന അനൗദ്യോഗിക വിവരങ്ങള്‍. കൊവിഡ് വാക്‌സീന്‍ കാരണമാണ് ഹൃദയാഘാതം സംഭവിച്ചത് എന്നൊരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. സത്യമാണോ ഇത്?
പ്രചാരണം
മാത്യു പെറിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മരണ കാരണമായി പലരും കൊവിഡ് വാക്‌സീനെ ചേര്‍ത്തുകെട്ടിയത്. മാത്യു പെറിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ 2023 ഒക്ടോബര്‍ 29ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത് വാക്‌സീനുമായി ബന്ധപ്പെട്ട അനേകം ഹാഷ്‌ടാഗുകളോടെയാണ്. വാക്‌സീന്‍ വിരുദ്ധര്‍ പെറിയുടെ മരണകാരണമായി വാക്‌സീനെ ചൂണ്ടിക്കാണിക്കുന്നതായി മറ്റ് നിരവധി ട്വീറ്റുകളും കാണാം. ഈ സാഹചര്യത്തില്‍ എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് നോക്കാം.
പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുതാ പരിശോധന
മാത്യു പെറിയുടെ മരണ കാരണം എന്താണ് എന്ന് കീവേഡ് സെര്‍ച്ച് നടത്തിയപ്പോള്‍ വ്യക്തമായത്, ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന 2023 നവംബര്‍ 3-ാം തിയതി രാവിലെ 11 മണി വരെ അദേഹത്തിന്‍റെ മരണം സംബന്ധിച്ച് വ്യക്തമായ കാരണം കണ്ടെത്താനായിട്ടില്ല എന്നാണ്. മരണ കാരണം സ്ഥിരീകരിക്കാന്‍ ഇനിയും സമയം വേണ്ടിവരും എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എങ്ങനെയാണ് അദേഹം മരണപ്പെട്ടത് എന്നത് സംബന്ധിച്ച് ചുരുളഴിയും വരെ അതിനാല്‍ കൊവിഡ് വാക്‌സീനെ പ്രതിസ്ഥാനത്ത് നില്‍ക്കാനാവില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
നിഗമനം
'ഫ്രണ്ട്സ്' സൂപ്പര്‍ സ്റ്റാര്‍ മാത്യു പെറി മരണപ്പെട്ടത് കൊവിഡ് വാക്‌സീന്‍ കാരണമാണ് എന്ന വാദങ്ങള്‍ സത്യമാണ് എന്ന് ഇപ്പോള്‍ പറയാനാവില്ല. അദേഹത്തിന്‍റെ മരണ കാരണം എന്താണെന്ന് വ്യക്തമാകാന്‍ കൂടുതല്‍ ശാസ്‌ത്രീയ തെളിവുകള്‍ പുറത്തുവരേണ്ടതുണ്ട്.
Read more: ഹമാസിനെതിരായ യുദ്ധം; ഇസ്രയേല്‍ നടിയും സൂപ്പര്‍ മോഡലുമായ ഗാൽ ഗാഡോട്ട് സൈന്യത്തില്‍ ചേര്‍ന്നോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം