'പലസ്‌തീനായി പ്രാര്‍ഥിക്കുന്നു'; ഗാസയ്‌ക്ക് പിന്തുണ അറിയിച്ച് അക്ഷയ് കുമാര്‍! വീഡിയോ സത്യമോ? Fact Check
ട്വിറ്ററില്‍ 2023 ഒക്ടോബര്‍ 18-ാം തിയതിയാണ് ഹൂരൈന്‍ ബട്ട് എന്ന യൂസര്‍ അക്ഷയ് കുമാര്‍ പലസ്‌തീന് പിന്തുണയ്‌ക്കുന്നതായുള്ള രണ്ട് സെക്കന്‍ഡ് വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ പലസ്‌തീന് പിന്തുണയറിയിച്ചതായി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗാസയ്‌ക്ക് പിന്തുണയുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐക്യദാര്‍ഢ്യം പ്രത്യക്ഷപ്പെടുന്നതിനിടെയാണ് അക്ഷയ് കുമാറിന്‍റെ പിന്തുണയുമെത്തിയത് എന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവരുടെ അവകാശവാദം. ദൃശ്യങ്ങളില്‍ കാണുന്നത് പോലെ പലസ്തീന് പിന്തുണയുമായി അക്ഷയ് രംഗത്തെത്തിയോ എന്ന് പരിശോധിക്കാം.
പ്രചാരണം
ട്വിറ്ററില്‍ 2023 ഒക്ടോബര്‍ 18-ാം തിയതിയാണ് ഹൂരൈന്‍ ബട്ട് എന്ന യൂസര്‍ അക്ഷയ് കുമാര്‍ പലസ്‌തീനെ പിന്തുണയ്‌ക്കുന്നതായുള്ള രണ്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. 'ഞാന്‍ പലസ്‌തീനായി പ്രാര്‍ഥിക്കുന്നു' എന്ന് അക്ഷയ് പറഞ്ഞതായി വീഡിയോയില്‍ എഴുതിക്കാണിക്കുന്നത് കാണാം. പലസ്‌തീനില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരതയ്‌ക്കെതിരെ ഇന്ത്യന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ തന്‍റെ അമര്‍ഷം പ്രകടിപ്പിക്കുന്നു എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകളും ഈ ട്വീറ്റിലുണ്ട്. അതിനാല്‍തന്നെ അക്ഷയ് കുമാര്‍ ഇത്തരമൊരു പ്രസ്‌താവന നടത്തിയിട്ടുണ്ടോ എന്ന് നമുക്ക് വിശദമായി നോക്കാം.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത് മരിച്ചതിന് പിന്നാലെ 2020ല്‍ അക്ഷയ് കുമാര്‍ നടത്തിയ പ്രതികരണമാണ് തെറ്റായ അവകാശവാദങ്ങളോടെ പലസ്തീനുമായി ബന്ധിപ്പിച്ച് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നാണ് ഫാക്ട് ചെക്കില്‍ മനസിലായത്. അന്ന് അക്ഷയ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട 3 മിനുറ്റ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിന്ന് മുറിച്ചെടുത്ത ഭാഗമാണ് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ സമാന ദൃശ്യങ്ങളുള്ള, മൂന്ന് വര്‍ഷം പഴക്കമുള്ള യഥാര്‍ഥ വീഡിയോ കണ്ടെത്തിയതിലൂടെയാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
ഒറിജിനല്‍ വീഡിയോ
അക്ഷയ് കുമാര്‍ സംസാരിക്കുന്ന യഥാര്‍ഥ വീഡിയോ കണ്ടെത്തിയപ്പോള്‍ അതില്‍ ഒരിടത്തും അദേഹം ഇസ്രയേല്‍ എന്നോ പലസ്തീന്‍ എന്നോ പരാമര്‍ശിക്കുന്നത് കേള്‍ക്കാനില്ല. അക്ഷയ് കുമാര്‍ പലസ്‌തീന് പിന്തുണയറിച്ചു എന്ന് അവകാശപ്പെടുന്ന പുതിയ വീഡിയോയിലും അദേഹത്തിന്‍റെ നാല് മിനുറ്റോളമുള്ള 2020ലെ വീഡിയോയിലും ഒരേ വസ്ത്രങ്ങളും പശ്ചാത്തലവും ചലനങ്ങളുമാണ് എന്നത് ഇരു വീഡിയോകളും ഒന്നാണ് എന്ന് തെളിയിക്കുന്നു.
നിഗമനം
അക്ഷയ് കുമാറിന്‍റെതായി ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ മൂന്ന് വര്‍ഷം പഴയതാണെന്നും സൂപ്പര്‍ താരം പലസ്‌തീന് പരസ്യ പിന്തുണ അറിയിച്ചിട്ടില്ല എന്നുമാണ് ഫാക്ട് ചെക്കില്‍ വ്യക്തമായിരിക്കുന്നത്. വീഡിയോയിലൂടെ അക്ഷയ് കുമാര്‍ പലസ്തീനെ പിന്തുണച്ചു എന്ന അവകാശവാദം തെറ്റാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം