മിഗ്ജൗമ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ വീടുകള്‍ക്ക് മധ്യേ മുതല ഇറങ്ങി എന്ന് വീഡിയോ; സത്യം ഒടുവില്‍ പുറത്ത്
ചെന്നൈയിലെ ജനവാസമുള്ള തെരുവിലും മുതല ഇറങ്ങിയോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ വസ്‌തുത നോക്കാം.
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന് മുന്നോടിയായി അതിശക്തമായ മഴയാണ് തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തില്‍ 2023 ഡിസംബറിന്‍റെ ആദ്യ ദിനങ്ങളില്‍ പെയ്‌തത്. മൂന്ന് ദിവസത്തോളം തകര്‍ത്തുപെയ്‌ത മഴ ചെന്നൈയെ അക്ഷരാര്‍ഥത്തില്‍ ജലസമുദ്രമാക്കി. ചെന്നൈയിലെ വിവിധയിടങ്ങളാണ് വെള്ളത്തില്‍ അകപ്പെട്ടത്. ഇതിനിടെ നഗരപ്രദേശത്ത് റോഡില്‍ മുതല ഇറങ്ങിയതിന്‍റെ ഒരു വീഡിയോ വൈറലാവുകയും ചെയ്‌തു. റോഡ് മുറിച്ചുകടന്ന് പോകുന്ന മുതലയുടെ ദൃശ്യങ്ങളായിരുന്നു ഇത്. കൂടാതെ ചെന്നൈയിലെ ജനവാസമുള്ള തെരുവിലും മുതല ഇറങ്ങിയോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ വസ്‌തുത നോക്കാം.
പ്രചാരണം
'ചെന്നൈ പട്ടണത്തില്‍ പ്രത്യക്ഷപ്പെട്ട മുതലയുടെ ദൃശ്യം. എല്ലാവരും കരുതിയിരിക്കുക, സുരക്ഷിതരായിരിക്കുക. അടിയന്തിര ഘട്ടങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുത്' എന്ന കുറിപ്പോടെയാണ് വീഡിയോ എംഎന്‍കെ എന്ന യൂസര്‍ 2023 ഡിസംബര്‍ 4ന് ട്വീറ്റ് ചെയ്‌തത്. അഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വീടുകള്‍ക്ക് മുകളില്‍ നിന്ന് ആളുകള്‍ ഈ മുതലയെ നോക്കിനില്‍ക്കുന്നത് കാണാം. ഏതോ കെട്ടടത്തിന്‍റെ മുകളില്‍ നിന്നുതന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ട്വിറ്റര്‍ വീഡിയോ
വസ്‌തുത
ചെന്നൈയിലേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ശരിക്കും മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ നിന്നുള്ളതാണ്. 2022 ഓഗസ്റ്റിലാണ് ഇവിടെ വീടുകള്‍ക്ക് മധ്യേയുള്ള വെള്ളക്കെട്ടിലൂടെ മുതല നീന്തിയെത്തിയത്. ശിവപുരിയില്‍ ജനവാസമേഖലയില്‍ എട്ടടി നീളമുള്ള മുതല എത്തിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2022 ഓഗസ്റ്റ് 17ന് വീഡിയോ സഹിതം വാര്‍ത്ത നല്‍കിയിരുന്നു. 2023ല്‍ ബെംഗളൂരു, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്ന് പറഞ്ഞും ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
നിഗമനം
മിഗ്ജൗമ് ചുഴലിക്കാറ്റിന്‍റെ ഭാഗമായുള്ള അതിശക്തമായ മഴയില്‍ ചെന്നൈ നഗരത്തിലെ ജനവാസമേഖലയില്‍ മുതല ഇറങ്ങിയതായുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. അതേസമയം ചെന്നൈയിലെ മറ്റൊരു ഇടത്ത് മുതല റോഡ് ക്രോസ് ചെയ്യുന്നതിന്‍റെ വീഡിയോ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
Read more: അയ്യോ, എന്തൊരു ദുരിതപ്പെയ്‌ത്ത്; ചെന്നൈയിലെ അതിശക്തമായ മഴയുടെ വീഡിയോയോ ഇത്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം