'വെള്ളത്തില്‍ മുങ്ങി ചെന്നൈ, വെള്ളപ്പൊക്കത്തില്‍ ഉല്ലസിച്ച് ജനങ്ങള്‍'; ഈ വീഡിയോ സത്യമോ
ഒരുവശത്ത് പ്രളയക്കെടുതി, മറുവശത്ത് ആഘോഷം, ചെന്നൈയില്‍ നിന്നുള്ള വീഡിയോ സത്യമോ
ചെന്നൈ: അതിശക്തമായ മഴ ശമിച്ചിട്ടും മിഗ്ജൗമ് ചുഴലിക്കാറ്റുണ്ടാക്കിയ ദുരിതം ചെന്നൈ നഗരത്തില്‍ ഒഴിയുന്നില്ല. കനത്ത മഴ ഇപ്പോഴും നഗരത്തിന്‍റെ വിവിധയിടങ്ങളെ വെള്ളക്കെട്ടിലാക്കിയിരിക്കുകയാണ്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ചെന്നൈയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരാന്‍ ഇനിയുമേറെ സമയം അനിവാര്യമാണ്. റെയില്‍, വ്യോമ ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും സാധാരണക്കാരുടെ ദുരിതത്തിന് ശമനമില്ല. ഈ ദുരന്തത്തിനിടയില്‍ ചെന്നൈയില്‍ മഴയും വെള്ളപ്പൊക്കവും ആഘോഷിക്കുന്നവരുമുണ്ടായിരുന്നോ? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഈ ചോദ്യമുയര്‍ത്തുന്നത്.
പ്രചാരണം
'സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ ചെന്നൈക്കായി പ്രാര്‍ഥിക്കുമ്പോള്‍ ചെന്നൈക്കാര്‍ പ്രളയം ആഘോഷിക്കുകയാണ്' എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മിസ്റ്റര്‍ ലോല്‍വ എന്ന ട്വിറ്റര്‍ യൂസര്‍ 2023 ഡിസംബര്‍ അഞ്ചിന് ട്വീറ്റ് ചെയ്‌ത വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു. ഒഴുകുന്ന വെള്ളത്തില്‍ പലരും വാട്ടര്‍തീം പാര്‍ക്കുകള്‍ പോലെ ഉല്ലസിക്കുന്നതും നീന്തുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഇതേ വീഡിയോ മറ്റ് നിരവധി പേരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രളയം പോലും ചെന്നൈയിലെ ഒരു കൂട്ടര്‍ മതിമറന്ന് ആഘോഷിക്കുകയാണ് എന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ വിമര്‍ശിക്കുന്നത്. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ ഈ വീഡിയോ പഴയതും തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥലമായ കന്യാകുമാരിയില്‍ നിന്നുള്ളതുമാണ് എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിച്ചേരാനായത്. 'പ്രളയമുണ്ടായ കന്യാകുമാരിയിലെ തെരുവിനെ ആളുകള്‍ വാട്ടര്‍ പാര്‍ക്ക് ആക്കി മാറ്റിയപ്പോള്‍, യുവാക്കള്‍ നീന്തുകയും വോളിബോള്‍ കളിക്കുകയും ചെയ്യുന്നു' എന്ന തലക്കെട്ടില്‍ ദേശീയ മാധ്യമമായ ന്യൂസ് 18 2021 നവംബര്‍ 15ന് പ്രസിദ്ധീകരിച്ച വാര്‍ത്ത പരിശോധനയില്‍ കണ്ടെത്താനായി. ഇപ്പോള്‍ ചെന്നൈയിലേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ഈ വാര്‍ത്തയില്‍ ന്യൂസ് 18 ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് 18 വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
ന്യൂസ് 18 വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന വീഡിയോ
നിഗമനം
ചെന്നൈയില്‍ 2023 ഡിസംബര്‍ ആദ്യ ആഴ്‌ചയുണ്ടായ പ്രളയത്തിന്‍റെത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ കന്യാകുമാരിയില്‍ നിന്നുള്ളതും 2021ലേതുമാണ് എന്ന് വസ്‌തുതാ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം