'വാട്സ്ആപ്പ് വഴി സൈബർ ആക്രമണ സാധ്യത', ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കേണ്ടതുണ്ടോ?
വാട്സ് ആപ് മുഖാന്തിരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്ന് പൊലീസ് അറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ വസ്തുതയെന്താണ്?
തിരുവനന്തപുരം: വാട്ട്സ്ആപ്പിലൂടെ സൈബര്‍ അറ്റാക്ക് ഉണ്ടാവുമെന്നും ഗ്രൂപ്പുകള്‍ അഡ്മിന് മാത്രം സന്ദേശമയക്കാവുന്ന തരത്തിലാക്കണമെന്നുമുള്ള പ്രചാരണത്തിലെ വസ്തുതയെന്താണ്. കേരളാ പൊലീസ് നല്‍കുന്ന സന്ദേശം എന്ന നിലയ്ക്കാണ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായത്. പല ഗ്രൂപ്പുകളും ഇതോടെ അഡ്മിന്‍മാര്‍ക്ക് സന്ദേശം അയക്കാവുന്ന നിലയിലേക്ക് മാറുകയും ചെയ്തു.
ഒരു പ്രത്യേക ടീമാണ് സൈബര്‍ അറ്റാക്കിന് പിന്നിലെന്നും രാത്രി 12 മണിക്കാവും സൈബര്‍ അറ്റാക്ക് എന്നാവുമെന്നാണ് വ്യാപകമായി പ്രചരിച്ച അറിയിപ്പിലെ അവകാശവാദം. എന്നാല്‍ ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് കേരള പൊലീസ് വ്യക്തമാക്കുന്നത്. വ്യാജ സന്ദേശം പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ ആശങ്കപരത്തുന്ന വ്യാജ സന്ദേശങ്ങൾ പങ്കുവയ്ക്കാതിരിക്കണമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാട്സ് ആപ് മുഖാന്തിരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്ന് പൊലീസ് അറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.