ചീട്ടുകൊട്ടാരം പോലെ തരിപ്പണമായി നിരവധി ബഹുനില കെട്ടിടങ്ങള്‍; വീഡിയോ ഗാസയില്‍ നിന്നോ?
ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഒരേസമയം തകര്‍ത്തു എന്ന അവകാശവാദങ്ങളോടെ വീഡിയോ
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടരവെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഒരു ദൃശ്യം. നഗരപ്രദേശത്തെ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഒരേസമയം തകര്‍ക്കുന്ന ദൃശ്യങ്ങളാണ് എക്‌സില്‍ (ട്വിറ്റര്‍) പ്രചരിക്കുന്നത്. ഇസ്രയേല്‍ സേന ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നാണ് ട്വിറ്ററിലെ പ്രചാരണം. അവിശ്വസനീയമായി തോന്നുന്ന ഈ ദൃശ്യങ്ങള്‍ ഗാസയില്‍ നിന്നോ?
പ്രചാരണം
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാവുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. 'ലോകകപ്പ് നീട്ടിവെക്കാന്‍ ആരെങ്കിലും ഐസിസിയോട് പറയൂ. ഇസ്രയേലിന്‍റെ ഷോട്ടുകളാണ് കൂടുതല്‍ ആസ്വാദ്യകരം' എന്ന തലക്കെട്ടോടെയാണ് സ്റ്റീവ് സ്‌കോട്ട് എന്ന യൂസര്‍ ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ 2023 ഒക്ടോബര്‍ 11-ാം തിയതി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. നിരത്തിവച്ചത് പോലുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ ചീട്ടുകൊട്ടാരം പോലെ ഒരേസമയം നിലംപതിക്കുന്നതാണ് ദൃശ്യത്തില്‍. നഗരപ്രദേശത്താണ് ഈ സ്ഫോടനം എന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ വ്യക്തമാകും. ദൃശ്യങ്ങളില്‍ കാണുന്നത് ഗാസ മുനമ്പാണ് എന്ന് പലരും ഇതോടെ ഉറപ്പിച്ചു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകളും ഈ ട്വീറ്റിനൊപ്പമുണ്ട്.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
ഈ ദൃശ്യങ്ങള്‍ ഗാസയില്‍ നിന്നോ നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങളുടെയോ അല്ല എന്നതാണ് വസ്‌തുത. ചൈനയിലെ കുൻമിംഗ് നഗരത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ 15 കെട്ടിടങ്ങള്‍ ഒരേസമയം പൊളിച്ചതിന്‍റെ വീഡിയോയാണ് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്‍റെത് എന്ന അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ടിക് ടോക്കില്‍ ഇതേ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്താനായി. ഇതിനെ തുടര്‍ന്ന് നടത്തിയ കീവേഡ് സെര്‍ച്ചില്‍ ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളും കണ്ടെത്താന്‍ സാധിച്ചു. 2021ലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
നിഗമനം
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഒരേസമയം തകര്‍ത്തു എന്ന അവകാശവാദങ്ങളോടെയുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചൈനയിലെ കുൻമിംഗ് നഗരത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ 15 കെട്ടിടങ്ങള്‍ ഒരേസമയം പൊളിച്ചുനീക്കിയ ദൃശ്യമാണ് ഗാസയിലെത് എന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. ഈ ദൃശ്യങ്ങള്‍ മുമ്പ് പലതവണ വൈറലായതാണ് എന്നും വസ്‌തുതാ പരിശോധനയില്‍ തെളിഞ്ഞു.
മുമ്പ് വൈറലായ വീഡിയോ
Read more: ഗാസയിൽ ഇസ്രയേല്‍ യുദ്ധ ഹെലികോപ്റ്റര്‍ ഹമാസ് വെടിവച്ചിട്ടോ; വീഡിയോ പ്രചരിക്കുന്നു- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം