രമ്യ ഹരിദാസ് എംപിയുടെ ഫണ്ടോ? തലകീഴായി മറിഞ്ഞ് ചങ്ങാടം, കയറിയ എല്ലാവരും വെള്ളത്തില്‍ വീണു
ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്‍റെ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മിച്ച ചങ്ങാടമാണോ ഇത്?
ചങ്ങാടം മറിഞ്ഞ് ആളുകള്‍ വെള്ളത്തില്‍ വീഴുന്നൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ചങ്ങാടത്തിലേക്ക് നിരവധിയാളുകള്‍ കയറുന്നതും അത് മറിഞ്ഞ് എല്ലാവരും വെള്ളത്തിലാവുന്നതുമാണ് വീഡിയോയില്‍. പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ കൊണ്ട് നിര്‍മിച്ച ഈ ചങ്ങാടം കയര്‍ ഉപയോഗിച്ച് വലിച്ചുകൊണ്ട് മറുകരയിലേക്ക് ആദ്യം വിജയകരമായി പോയെങ്കിലും തിരിച്ചുവരവില്‍ ആളുകള്‍ കൂടിയതോടെ കീഴ്‌മേല്‍ മറിയുകയായിരുന്നു. ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്‍റെ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മിച്ച ചങ്ങാടമാണോ ഇത്?
പ്രചാരണം
രമ്യ ഹരിദാസ് എംപിയുടെ ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച ചങ്ങാടമാണിത് എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്. നാട മുറിച്ച് ഉദ്‌ഘാടനം ചെയ്‌ത ശേഷം ചങ്ങാടത്തില്‍ കയറി രണ്ട് പേര്‍ മറുകരയിലേക്ക് പോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ തിരിച്ചുവരവില്‍ ഏറെ പേര്‍ കയറിയതോടെ ഭാരം താങ്ങാനാവാതെ ചങ്ങാടം മറിയുകയും ചെയ്‌തു. ചങ്ങാടത്തിലുണ്ടായിരുന്നവര്‍ നീന്തിയാണ് രക്ഷപ്പെട്ടത്. ആറ് മിനുറ്റിലേറെ ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് മുനീര്‍ മുന്ന എന്ന യൂസര്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ചുവടെ കൊടുക്കുന്നു.
'MP ഫണ്ടിൽ നിന്നും രമ്യാ ഹരിദാസ്... 7 ലക്ഷം ചിലവാക്കി 🤔
അല്ലെങ്കിൽ ഇനി ഞാൻ പറഞ്ഞു എന്ന് വേണ്ട.... നിങ്ങൾ കണ്ടു നോക്ക് അവസാനഭാഗം ഒരിക്കലും വിട്ടുകളയരുത്'
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
രമ്യ ഹരിദാസ് എംപിയുടെ ഫണ്ടില്‍ നിന്ന് 7 ലക്ഷം രൂപ ചിലവാക്കി നിര്‍മിച്ച താല്‍ക്കാലിക ചങ്ങാടമാണ് മറിഞ്ഞത് എന്ന കുറിപ്പോടെ നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകള്‍ കാണാം. ലിങ്ക് 1, 2, 3. വീഡിയോ ഏറെ പേര്‍ ഷെയര്‍ ചെയ്യുന്ന സാഹചര്യത്തില്‍ ദൃശ്യത്തിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം.
വസ്‌തുതാ പരിശോധന
നാല് പ്ലാസ്റ്റിക് വീപ്പകൾ ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ ഈ താല്‍ക്കാലിക ചങ്ങാടം ആലത്തൂരില്‍ അല്ല, ആലപ്പുഴയിലെ കരുവാറ്റയിലാണ് എന്നതാണ് യാഥാര്‍ഥ്യം. ചങ്ങാടം മറിഞ്ഞതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ 2023 നവംബര്‍ 29ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 'ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു. ചെമ്പുതോട്ടിലെ കടവില്‍ ഇന്നലെയാണ് സംഭവം. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ വീണു. നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടിയാണ് ചങ്ങാടം നിര്‍മിച്ചത്' എന്നും വാര്‍ത്തയില്‍ കാണാം. കൂടുതല്‍ പേര്‍ കയറിയതോടെ നിയന്ത്രണം തെറ്റി ചങ്ങാടം കീഴ്മേല്‍ മറിയുകയായിരുന്നു എന്നും വാര്‍ത്തയിലുണ്ട്.
വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
ഉദ്ഘാടന യാത്രയില്‍ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോ ചുവടെ കൊടുക്കുന്നു.
നിഗമനം
രമ്യ ഹരിദാസ് എംപിയുടെ ഫണ്ടില്‍ നിന്ന് നിര്‍മിച്ച ചങ്ങാടമല്ല മറിഞ്ഞത്. ആലപ്പുഴയിലെ കരുവാറ്റയിലാണ് ചങ്ങാടം മറിഞ്ഞ സംഭവമുണ്ടായത്. ആലപ്പുഴയിലെ അല്ല, ആലത്തൂരില്‍ നിന്നുള്ള എംപിയാണ് രമ്യ ഹരിദാസ്.
Read more: 'രാഹുല്‍ ഗാന്ധി കേരളത്തില്‍ നോണ്‍വെജ്, പുറത്ത് ബ്രാഹ്‌മണ്‍'; ചിക്കന്‍ കഴിക്കുന്ന ചിത്രവും സത്യവും