വീടിന് മുന്നില്‍ നിര്‍ത്താത്തതിന് കര്‍ണാടകയില്‍ ബസ് അടിച്ചുതകര്‍ത്തോ? വീഡിയോയും സത്യവും
വൈറലായിരിക്കുന്ന വീഡിയോ കര്‍ണാടകയിലെ അല്ല, ഗുജറാത്തില്‍ നിന്നുള്ളതാണ് എന്നതാണ് ഒരു വസ്‌തുത
ബസ് ഒരുകൂട്ടം ആളുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്ന വീഡിയോ തെറ്റായ കുറിപ്പോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗുജറാത്തില്‍ മുമ്പ് നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് കര്‍ണാടകയിലേത് എന്ന അവകാശവാദത്തോടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഈ വീഡിയോയെ ചുറ്റിപ്പറ്റിയുള്ള പ്രചാരണവും അതിന്‍റെ വസ്‌തുതയും വിശദമായി പരിശോധിക്കാം.
പ്രചാരണം
ഒരുകൂട്ടം ആളുകള്‍ കല്ലെറിഞ്ഞ് ഒരു ബസ് തകര്‍ക്കുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. വീടിന് മുന്നില്‍ ബസ് നിര്‍ത്താന്‍ ഒരു സ്ത്രീ ആവശ്യപ്പെട്ടു. എന്നാല്‍ ബസ് സ്റ്റാന്‍ഡിലാണ് ഡ്രൈവര്‍ അവരെ ഇറക്കിയത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ക്കുകയായിരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
വസ്‌തുത
വൈറലായിരിക്കുന്ന വീഡിയോ കര്‍ണാടകയിലെ അല്ല, ഗുജറാത്തില്‍ നിന്നുള്ളതാണ് എന്നതാണ് ഒരു വസ്‌തുത. ഈ സംഭവത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്നത് മറ്റൊരു വസ്‌തുതയും. 2019 ജൂലൈ 5ന് സൂറത്തില്‍ നടന്നൊരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നാണ് അന്നത്തെ മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ സംഘടിപ്പിച്ച റാലി അക്രമണാസക്തമായതിന്‍റെ ദൃശ്യങ്ങളാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബസ് തകര്‍ത്തതിനെ കുറിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വീഡിയോ സഹിതം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നതാണ്. അനുമതിയില്ലാത്ത റാലി നിര്‍ത്തിവെപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതിന് പിന്നാലെ ജനങ്ങള്‍ അക്രമാസക്തരാവുകയായിരുന്നു എന്ന് വാര്‍ത്തകളില്‍ പറയുന്നു.
കല്ലെറിഞ്ഞ് ബസ് തകര്‍ക്കുന്ന ഈ വീഡിയോയെ കുറിച്ച് മുമ്പ് മറ്റൊരു വ്യാജ പ്രചാരണവുമുണ്ടായിരുന്നു. മുംബൈയിലെ ബാന്ദ്രയില്‍ മുസ്ലീം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ബസ് അടിച്ചുതകര്‍ക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ഈ വ്യാജ പ്രചാരണങ്ങള്‍. സംഭവത്തില്‍ മുംബൈ പൊലീസിനോട് നടപടി സ്വീകരിക്കാനാവശ്യപ്പെട്ടും അന്ന് തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകളുണ്ടായിരുന്നു.
നിഗമനം
ഒരു സ്ത്രീയുടെ വീടിന് മുന്നില്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ബസ് നാട്ടുകാര്‍ തകര്‍ത്തു എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. ഗുജറാത്തിലെ സൂറത്തില്‍ 2019ല്‍ നടന്ന മറ്റൊരു സംഭവത്തിന്‍റെ ദൃശ്യമാണിത്.
Read more: ഗോമൂത്രം എഫ്‌എസ്എസ്എഐ അനുമതിയോടെ കുപ്പിയിലാക്കി വിപണിയിലെത്തിയോ? സത്യാവസ്ഥ ഇത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം