ബുർജ് ഖലീഫയിൽ ശ്രീരാമൻ്റെ ചിത്രം പ്രദർശിപ്പിച്ചോ? വ്യാപകമായ പ്രചാരണത്തിൻ്റെ സത്യം പുറത്ത്
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയില്‍ ശ്രീരാമന്‍റെ ചിത്രം തെളിയിച്ചതായി ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയയിലാണ് പ്രചാരണം
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തിന്‍റെ അലയൊലികള്‍ വിദേശത്തുമുണ്ട്. വിദേശത്ത് വിവിധയിടങ്ങളില്‍ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കർമ്മവുമായി ബന്ധപ്പെട്ട് പരിപാടികള്‍ നടന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും രാമക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തില്‍ ഭക്തസാന്ദ്രമായോ? ബുർജ് ഖലീഫയില്‍ ശ്രീരാമന്‍റെ ചിത്രം പ്രദർശിപ്പിച്ചു എന്നാണ് പ്രചാരണം.
പ്രചാരണം
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയില്‍ ശ്രീരാമന്‍റെ ചിത്രം തെളിയിച്ചതായി ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയയിലാണ് പ്രചാരണം. പല ചിത്രങ്ങള്‍ പലരും ഇതുമായി ബന്ധപ്പെട്ട് പങ്കുവെക്കുന്നു. ഇതിന്‍റെ വസ്തുത എന്താണ് എന്ന് നോക്കാം. എഫ്ബി പോസ്റ്റുകളുടെ ലിങ്കുകള്‍ 1, 2, 3, 4.
ഫേസ്ബുക്ക് പോസ്റ്റുകളുടെ ലിങ്കുകള്‍
വസ്തുതാ പരിശോധന
1. ബുർജ് ഖലീഫയിലെ വസ്തുത കണ്ടെത്താന്‍ പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ബുര്‍ജ് ഖലീഫയില്‍ ശ്രീരാമന്‍റെ ചിത്രം പ്രദർശിപ്പിച്ചോ എന്നറിയാന്‍ നടത്തിയ ഈ പരിശോധനയില്‍ ബുര്‍ജ് ഖലീഫയുടെ യഥാര്‍ഥ ചിത്രം ലഭിച്ചു. എന്നാല്‍ ഈ ചിത്രത്തില്‍ ശ്രീരാമനെ കാണാനില്ല. ശ്രീരാമന്‍റെ രൂപം എഡിറ്റ് ചെയ്ത് ചേർത്തതാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം എന്ന് ഇതില്‍ നിന്ന് വ്യക്തം.
യഥാര്‍ഥ ഫോട്ടോ
2. പ്രത്യേകം പണമടച്ചാണ് ബുർജ് ഖലീഫയില്‍ പരസ്യങ്ങള്‍ പ്രദർശിപ്പിക്കാറ്. ഇവയെല്ലാം തന്നെ ബുർജ് ഖലീഫ അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ അയോധ്യയുമായി ബന്ധപ്പെട്ട ഒന്നും തന്നെ പ്രദർശിപ്പിച്ചതായി അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പരസ്യപ്പെടുത്തിയിട്ടില്ല എന്നും പരിശോധനയില്‍ വ്യക്തമായി.
ചിത്രം- ബുര്‍ജ് ഖലീഫ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ അവസാന പോസ്റ്റുകള്‍
3. ചിത്രം പ്രദര്‍ശിപ്പിച്ചതായി ഏതെങ്കിലും വിശ്വസനീയമായ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചു. ഇതിലും പ്രചാരണത്തില്‍ അവകാശപ്പെടുന്നതിന് അനുകൂലമായ ഫലങ്ങളൊന്നും ലഭിച്ചില്ല.
നിഗമനം
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കർമ്മവുമായി ബന്ധപ്പെട്ട് ശ്രീരാമന്‍റെ ചിത്രം ബുർജ് ഖലീഫയില്‍ പ്രദർശിപ്പിച്ചു എന്ന ഫോട്ടോ പ്രചാരണം വ്യാജമാണ്.
Read more: സ്റ്റാലിന്‍ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ക്ഷേത്രം ഇടിച്ചുനിരത്തിയോ? വീഡിയോ വൈറലാവുമ്പോള്‍ സത്യമറിയാം