നടി കജോൾ വസ്ത്രം മാറുന്നതായി ഡീപ്‌ഫേക്ക് നഗ്ന വീഡിയോ; ഞെട്ടി രാജ്യം
കജോള്‍ വസ്ത്രം മാറുന്നതിന്‍റെ വീഡിയോ എന്ന തരത്തിലുള്ള തലക്കെട്ടുകളോടെയാണ് ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്
തെന്നിന്ത്യന്‍ നടി രശ്‌മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോയുടെ ഞെട്ടല്‍ മാറും മുമ്പ് രാജ്യത്തെ ആശങ്കയിലാക്കി ബോളിവുഡ് സൂപ്പര്‍ താരം കജോളിന്‍റെ വ്യാജ വീഡിയോ. കജോൾ ഔട്ട്‌ഫിറ്റ് മാറുന്നതായാണ് ഡീപ്ഫേക്ക് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിന്‍റെ വസ്‌തുതാ പരിശോധന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം നടത്തി.
(നഗ്ന വീഡിയോയാണ് എന്നതിനാല്‍ ആ ദൃശ്യമോ ലിങ്കുകളോ വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ക്കുന്നില്ല)
പ്രചാരണം
കജോള്‍ വസ്ത്രം മാറുന്നതിന്‍റെ വീഡിയോ എന്ന തലക്കെട്ടുകളോടെയാണ് ദൃശ്യം ഇന്‍സ്റ്റഗ്രാമും എക്‌സും (പഴയ ട്വിറ്റര്‍) യൂട്യൂബും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. സുഹാന എന്ന യൂസര്‍ 2023 ഓഗസ്റ്റ് രണ്ടിന് എക്‌സില്‍ പങ്കുവെച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടു. ഒരു മുറിയില്‍ വച്ച് കജോള്‍ പുതിയ ഔട്ട്‌ഫിറ്റ് അണിയുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
കജോളിന്‍റെ നഗ്ന വീഡിയോ എന്ന തലക്കെട്ടോടെ glamorouscube എന്ന അക്കൗണ്ടില്‍ നിന്ന് യൂട്യൂബില്‍ 11 സെക്കന്‍ഡുള്ള വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.
കജോളിന്‍റെ ബിക്കിനി വീഡിയോ എന്ന ടൈറ്റിലില്‍ 1mint art എന്ന അക്കൗണ്ടില്‍ നിന്നും യൂട്യൂബില്‍ സമാന വീഡിയോ പങ്കുവെച്ചതും കാണാം.
ഫേസ്‌ബുക്കില്‍ കജോള്‍ ലൗവേഴ്‌സ് എന്ന ഗ്രൂപ്പില്‍ ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടും പ്രചരിക്കുന്നുണ്ട്.
ഇത്തരത്തില്‍ നിരവധി യൂസര്‍മാരാണ് കജോളിന്‍റെ എന്ന അവകാശവാദത്തോടെ വീഡിയോ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന പശ്ചാത്തലത്തിന്‍റെ ഇതിന്‍റെ വസ്‌തുത നോക്കാം.
വസ്‌തുതാ പരിശോധന
കജോളിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യത്തിന്‍റെ വസ്‌തുത പരിശോധിച്ചപ്പോള്‍ ഇത് ഡീപ് ഫേക്കാണ് എന്നാണ് വ്യക്തമായത്. ഈ വീഡിയോയെ കുറിച്ച് തിരഞ്ഞപ്പോള്‍ ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ബൂംലൈവ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കണ്ടെത്താനായി. കജോള്‍ ഔട്ട്‌ഫിറ്റ് മാറ്റുന്നതായി പ്രചരിക്കുന്ന വീഡിയോ ഡീപ്ഫേക്കാണ് എന്നും ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറിന്‍റെ ദൃശ്യത്തില്‍ താരത്തിന്‍റെ മുഖം വെട്ടിയൊട്ടിച്ച് കൃത്രിമമായി തയ്യാറാക്കിയതാണ് ഇതെന്നും ബൂംലൈവിന്‍റെ വാര്‍ത്തയില്‍ പറയുന്നു.
ബൂംലൈവിന്‍റെ ട്വീറ്റ്- സ്ക്രീന്‍ഷോട്ട്
ഈ വീഡിയോയുടെ ഒറിജിനല്‍ ടിക്‌ടോക്കില്‍ നിന്ന് ബൂംലൈവ് കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ സ്വകാര്യത മാനിച്ച് ബൂംലൈവ് പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമാനമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമും വീഡിയോയുടെ ഉറവിടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.
നിഗമനം
ബോളിവുഡ് സൂപ്പര്‍ താരം കജോളിന്‍റെതായി പ്രചരിക്കുന്ന നഗ്ന വീഡിയോ വ്യാജമാണ്. ഡീപ്ഫേക്ക് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ അപകടകരമായ രീതിയില്‍ പ്രചരിക്കുന്നത്.
Read more: ഗാസയിലെ അല്‍ ഷിഫാ ആശുപത്രിയില്‍ വൈറ്റ് ഫോസ്‌ഫറസ് ബോംബിട്ട് ഇസ്രയേല്‍? ചിത്രം ശരിയോ, പരിശോധിക്കാം