ബിജെപിക്ക് 30 സീറ്റുകളില്‍ 500ല്‍ താഴെ ഭൂരിപക്ഷമോ? കണക്കുകളുടെ സത്യമെന്ത്- Fact Check
എക്‌സിലെ പോസ്റ്റില്‍ പറയുന്നത് പോലെയുള്ള ഫലമാണോ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്?
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ബിജെപിക്ക് 30 സീറ്റുകളില്‍ ലഭിച്ചത് 500ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമാണോ? 100ലധികം സീറ്റുകളില്‍ 1000ത്തില്‍ കുറഞ്ഞ ഭൂരിപക്ഷമാണോ ബിജെപിക്ക് കിട്ടിയത്? സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളുടെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
'ഭരണപാര്‍ട്ടിയായ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ 30 സീറ്റുകളില്‍ 500ല്‍ താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ചു, 100ലേറെ സീറ്റുകളില്‍ ജയിച്ചത് 1000ത്തില്‍ താഴെ ഭൂരിപക്ഷത്തിന് മാത്രവും. ഈ സീറ്റുകളിലെ ഫലം പരിശോധിക്കണം'- എന്നുമാണ് എക്‌സ് (പഴയ ട്വിറ്റര്‍) അടക്കമുള്ള സാമൂഹ്യമാധ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് നോക്കാം.
വസ്‌തുതാ പരിശോധന
എക്‌സിലെ പോസ്റ്റില്‍ പറയുന്നത് പോലെയുള്ള ഫലമാണോ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് എന്ന് പരിശോധിച്ചു. ഈ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങള്‍ ഇതാണ്... ലോക്‌സഭ തെരഞ്ഞെടുപ്പിലെ 240 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 1587 വോട്ടുകളാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഒഡിഷയിലെ ജാജ്‌പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രബീന്ദ്ര നാരായണ്‍ ബെഹ്‌റയാണ് 1587 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചയാള്‍. ഇതിനാല്‍ തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പ്രചാരണം വ്യാജമാണ് എന്ന് ഉറപ്പിക്കാം.
നിഗമനം
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ബിജെപി 500ല്‍ താഴെ ഭൂരിപക്ഷത്തില്‍ 30 സീറ്റുകളിലും 1000ത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ 100ലേറെ സീറ്റുകളിലും വിജയിച്ചു എന്ന പ്രചാരണം വ്യാജമാണ്. ബിജെപി ഒരു മണ്ഡലത്തില്‍ പോലും ആയിരത്തില്‍ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിച്ചിട്ടില്ല.
Read more: മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം