ജി20 ഉച്ചകോടി; മാനം രക്ഷിക്കാന്‍ ദില്ലിയിലെ ചേരികള്‍ കെട്ടിമറച്ചു എന്നുള്ള ചിത്രം തെറ്റ്
രാജ്യത്തെ ദാരിദ്ര്യം ബാനറുകളും ഷീറ്റുകളും കൊണ്ട് മറച്ചിരിക്കുന്നു എന്നാണ് ചിത്രം എക്‌സില്‍ പങ്കുവെച്ചുകൊണ്ട് പലരും എഴുതിയത്
ദില്ലി: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ദില്ലിയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിക്കായി മുഖംമിനുക്കിയിരിക്കുകയാണ് തലസ്ഥാന നഗരം. ഇതിനിടെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ജി20 ഉച്ചകോടിക്ക് മുമ്പായി ദില്ലിയിലെ പഴയ കെട്ടിടങ്ങളും ചേരികളും കേന്ദ്ര സര്‍ക്കാര്‍ മറച്ചിരിക്കുകയാണ് എന്നാണ് ചിത്രം സഹിതം എക്‌സ് (ട്വിറ്റര്‍) അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ ഈ പ്രചാരണം തള്ളിക്കളയുകയാണ് കേന്ദ്ര സര്‍ക്കാര്‍. വൈറലായിരിക്കുന്ന ചിത്രം പഴയതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയിലും തെളിഞ്ഞു.
പ്രചാരണം
രാജ്യത്തെ ദാരിദ്ര്യം ബാനറുകളും ഷീറ്റുകളും കൊണ്ട് മറച്ചിരിക്കുന്നു എന്നാണ് ചിത്രം എക്‌സില്‍ പങ്കുവെച്ചുകൊണ്ട് പലരും എഴുതിയത്. എക്‌സില്‍ ഈ ചിത്രം ഇതേ തലക്കെട്ടില്‍ നിരവധി പേര്‍ പങ്കുവെച്ചത് കാണാനാകും. ട്വിറ്ററിന് പുറമെ ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ചിത്രം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് കാണാം.
സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുത
എന്നാല്‍ ഈ ചിത്രം ഷെയര്‍ ചെയ്യുന്നവരുടെ അവകാശവാദങ്ങളെല്ലാം നിഷേധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുംബൈയില്‍ നിന്നുള്ള പഴയ ചിത്രമാണിത്, ദില്ലിയിലേത് അല്ല എന്നും കേന്ദ്രത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ജി20 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന് മുന്നോടിയായി 2022 ഡിസംബറില്‍ മുംബൈയിലെ ചേരികളും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും മറച്ചതിന്‍റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന് ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായിട്ടുണ്ട്. ഈ ചിത്രം സഹിതം വാര്‍ത്ത കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദേശീയ മാധ്യമങ്ങളായ ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെയുള്ളവര്‍ പ്രസിദ്ധീകരിച്ചിരുന്നു.
പിഐബിയുടെ വിശദീകരണം
ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ
ദില്ലിയില്‍ സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ തിയതികളിലാണ് ജി20 ഉച്ചകോടി. ശക്തരായ ഭരണത്തലവന്‍മാരുടെ സമ്മേളത്തെ ആകാംക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്. ജി20 ഉച്ചകോടിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ ഉള്‍പ്പടെയുള്ള രാജ്യത്തലവന്‍മാര്‍ എത്തുന്നുണ്ട്. സെപ്‌റ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നയതന്ത്ര ചർച്ചയിലും ബൈഡൻ പങ്കെടുക്കും. ഇന്ത്യാ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുക്രൈയ്നിലെ റഷ്യൻ യുദ്ധത്തിന്‍റെ സാമൂഹിക ആഘാതം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ജി20 രാജ്യങ്ങളോട് യുഎസിനുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും നേരത്തെ ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം