കണ്ണഞ്ചിപ്പിക്കുന്ന ഈ വീഡിയോ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെയോ? വസ്‌തുത അറിയാം

അയോധ്യ രാമക്ഷേത്രത്തിന്‍റെ എന്ന പേരില്‍ ഒരു അമ്പലത്തിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

A video viral in Facebook as from Ram Mandir Ayodhya fact check

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മത്തിന് രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അയോധ്യയിലെ പ്രതിഷ്ഠാ കര്‍മ്മത്തിന്‍റെ ഒരുക്കങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കേ ഒരു വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. അയോധ്യ രാമക്ഷേത്രത്തിന്‍റെ എന്ന പേരില്‍ ഒരു അമ്പലത്തിന്‍റെ വീഡിയോയാണിത്. ഈ ദൃശ്യം അയോധ്യ രാമക്ഷേത്രത്തിന്‍റെത് തന്നെയോ എന്ന് പരിശോധിക്കാം. 

പ്രചാരണം

സിആര്‍എസ് കുറുപ്പ് എന്ന യൂസര്‍ 2024 ജനുവരി 17ന് ഫേസ്ബുക്കില്‍ വീഡിയോ സഹിതം പങ്കുവെച്ച കുറിപ്പ് ചുവടെ കൊടുക്കുന്നു. 

"ശത ലക്ഷക്കണക്കിന് സ്വാഭിമാനികളായ ഹൈന്ദവ ജനത, അഞ്ചു നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം 2024-ൽ ഭാരതബയുടെ ഹൃദയ ഭൂമിയായ അയോദ്ധ്യാ നഗരിയിൽ 2024 ജനുവരി 22-ന് പ്രാണ പ്രതിഷ്ഠിതമാകുന്നത് വെറുമൊരു ശിലയല്ല, മറിച്ച് അവിടെ സ്ഥാപിക്കപ്പെടുന്നത് ധർമ്മം തന്നെയാണ്, അതു നമ്മൾ ഓരോ ഭാരതീയരുടേയും സ്വഭിമാനമാണ്."

A video viral in Facebook as from Ram Mandir Ayodhya fact check

വസ്‌തുതാ പരിശോധന

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ അയോധ്യ രാമക്ഷേത്രത്തിന്‍റെ തന്‍റെയോ എന്ന് പരിശോധിക്കാന്‍ ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. എന്നാല്‍ ഇതില്‍ ലഭിച്ച ഫലങ്ങള്‍ പറയുന്നത് ഈ വീഡിയോ ഗുജറാത്തിലെ ഖോദാല്‍ദാം ക്ഷേത്രത്തിന്‍റെതാണ് എന്നാണ്. ട്രിപ് അഡ്‌വൈസര്‍ എന്ന വെബ്സൈറ്റില്‍ ഖോദാല്‍ദാം ക്ഷേത്രത്തിന്‍റെതായി നല്‍കിയിരിക്കുന്ന ചിത്രവും പ്രചരിക്കുന്ന വീഡിയോയും താരതമ്യം ചെയ്താല്‍ രണ്ടും ഒരു ക്ഷേത്രമാണ് എന്ന് മനസിലാക്കാം. ഖോദാല്‍ദാം ക്ഷേത്രത്തിന്‍റെ ചിത്രത്തില്‍ കാണുന്ന അതേ താഴികക്കുടമാണ് വൈറല്‍ വീഡിയോയിലെ അമ്പലത്തിനുമുള്ളത്. എന്നാല്‍ അയോധ്യ ക്ഷേത്രത്തിന്‍റെ മാതൃക ഈ രീതിയിലല്ല. 

ചിത്രം- ട്രിപ് അഡ്വൈസറില്‍ നിന്ന്

A video viral in Facebook as from Ram Mandir Ayodhya fact check

നിഗമനം

അയോധ്യ രാമക്ഷേത്രത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യം ഗുജറാത്തിലെ ഖോദാല്‍ദാം ക്ഷേത്രത്തിന്‍റെതാണ്. ഖോദാല്‍ദാം ക്ഷേത്രത്തിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. 

Read more: അയോധ്യ രാമക്ഷേത്രത്തിന് നടന്‍ പ്രഭാസ് 50 കോടി രൂപ നല്‍കിയോ? സത്യമിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios