കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി !; വൈറലായി വീഡിയോ, സത്യം ഇതാണ്...
വീഡിയോയിലുള്ള ബുദ്ധ സന്യാസിക്ക് 109 വയസാണ് പ്രായം എന്നാണ് തായ് ഭാഷയിലുള്ള ഒറിജനല്‍ പോസ്റ്റില്‍ പറയുന്നത്.
ഇപ്പോഴും ജീവിച്ചിരിക്കുന്ന 201 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയെ കുറിച്ചുള്ള വ്യാജ കഥ അടുത്തിടെ വൈറലായിരുന്നു. നേപ്പാളിലെ ഗുഹയില്‍ വച്ചാണ് ഈ 201കാരനെ കണ്ടെത്തിയത് എന്നായിരുന്നു പ്രചാരണം. ലോകത്തെ ഏറ്റവും പ്രായം ചെന്ന മനുഷ്യനാണിത് എന്നായിരുന്നു പ്രചാരണത്തില്‍ പറയുന്നത്. സമാനമായി 170 വയസുള്ള സന്യാസിയെ കുറിച്ചുള്ള പുതിയ കഥയിപ്പോള്‍ വൈറലായിരിക്കുകയാണ്. വീഡിയോ സഹിതമാണ് പ്രചാരണം.
പ്രചാരണം
'170 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയാണിത്'- കുഞ്ഞുകുട്ടിയെ സന്യാസി അനുഗ്രഹിക്കുന്ന വീഡിയോ സഹിതമാണ് ഈ പ്രചാരണം. നിരവധി പേരാണ് 170 വയസ് പ്രായമുള്ള സന്യാസി എന്ന അവകാശവാദത്തോടെ വീഡിയോ ഫേസ്ബുക്കില്‍ ഷെയർ ചെയ്തിരിക്കുന്നത്.
വസ്തുത
എന്നാല്‍ ഫേസ്ബുക്കില്‍ വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍. വൈറലായിരിക്കുന്ന വീഡിയോയുടെ ഒറിജിനല്‍ റിവേഴ്സ് ഇമേജ് സെർച്ചില്‍ കണ്ടെത്താനായി. വീഡിയോയിലുള്ള ബുദ്ധ സന്യാസിക്ക് 109 വയസാണ് പ്രായം എന്നാണ് തായ് ഭാഷയിലുള്ള ഒറിജനല്‍ പോസ്റ്റില്‍ പറയുന്നത്. 2022 മാർച്ച് 22ന് ഈ സന്യാസി മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകള്‍.
Read More : ഇപ്പോഴും ജീവിച്ചിരിക്കുന്ന ബുദ്ധ സന്യാസി, 201 വയസ് !; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
അടുത്തിടെയാണ് '201 വയസുള്ള' ബുദ്ധ സന്യാസി എന്ന പേരില്‍ ഒരു സന്യാസിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചത്. കാവി വസ്ത്രം ധരിച്ച പ്രായമായ ബുദ്ധ സന്യാസിക്കൊപ്പം മെഡിക്കൽ പ്രൊഫഷണലുകൾ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സന്യാസിക്ക് 201 വയസ്സുണ്ടെന്നും നേപ്പാളിലെ പർവതനിരകളിലെ ഒരു ഗുഹയിൽ വച്ചാണ് അദ്ദേഹത്തെ കണ്ടെത്തിയത് എന്നും അവകാശപ്പെട്ടാണ് പലരും ഈ ചിത്രം പങ്കു വച്ചത്.
എന്നാല്‍ 92 വയസ് പ്രായമുള്ളപ്പോള്‍ മരണമടഞ്ഞ സന്യാസിയുടെ ചിത്രമാണ് 201 വയസുകാരന്‍റേത് എന്ന അവകാശവാദത്തോടെ പ്രചരിച്ചതെന്ന് ഫേസ്ബുക്കിന്‍റെ ഫാക്ക്റ്റ് ചെക്കിംഗ് വെബ്സൈറ്റായ ന്യൂസ്‌ചെക്കർ കണ്ടെത്തി. ഈചിത്രം സമാനമായ അടിക്കുറിപ്പുകളോടെ നേരത്തെയും നിരവധി പേര്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് ന്യൂസ്‌ചെക്കർ കണ്ടെത്തിയത്.