ഗുജറാത്തില്‍ അതിഥി തൊഴിലാളികളുടെ വ്യാപക പ്രതിഷേധമോ? പ്രചാരണത്തിന് പിന്നിലെ വസ്തുത ഇങ്ങനെ!
ഗുജറാത്തിലെ അഹമ്മദാബാദില്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി കൂട്ടമായി പ്രതിഷേധിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്.
ഹൈദരാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി കൂട്ടമായി പ്രതിഷേധിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിരവധി അതിഥി തൊഴിലാളികള്‍ ഗുജറാത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയെന്നാണ് പ്രചാരണം. മൂന്ന് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇതിന് ആധാരമായി പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പ്രതിഷേധിക്കുന്നവരുടെയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെയും കാണാം.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാനങ്ങള്‍ മുന്‍കൈ എടുത്ത് നടത്തുന്നുണ്ട്. എന്നാല്‍ ഗുജറാത്തില്‍ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും അതാണ് പ്രതിഷേധത്തിന് കാരണമെന്നും വീഡിയോക്കൊപ്പം പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 67 പ്രത്യേക ട്രെയിനുകളിലായി 80,400 അതിഥി തൊഴിലാളികള്‍ ഗുജറാത്തില്‍ നിന്ന നാട്ടിലേക്ക് മടങ്ങിയതായി വ്യക്തമാക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് വീഡിയോയുടെ ആധികാരികത പരിശോധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ഗുജറാത്തില്‍ നിന്നുള്ളതല്ലെന്നാണ് പരിശേധനയില്‍ വ്യക്തമാകുന്നത്. പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയില്‍ തന്നെ ഇത് വ്യക്തമാക്കുന്ന തെളിവുകളും ഉണ്ട്. വീഡിയോയില്‍ കാണുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ധരിച്ചിരിക്കുന്ന ജാക്കറ്റില്‍ ഹൈദരാബാദ് പൊലീസ് എന്ന് എഴുതിയത് കാണാം. സമാന വീഡിയോ തെലങ്കാനയിലെ ഹൈദരാബാദില്‍ നടന്ന പ്രതിഷേധത്തിന്‍റേതാണെന്ന് വ്യക്തമാക്കുന്ന നിരവധി മാധ്യമ വാര്‍ത്തകളും നേരത്തെ പുറത്തുവന്നിട്ടുണ്ട്.
ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ തെറ്റിദ്ധരിക്കപ്പെട്ട് പുറത്തിറങ്ങിയതായിരുന്നു സംഭവം. പ്രത്യേക ട്രെയിന്‍ ഓടുന്നതായി ഇവര്‍ക്കിടയില്‍ വാര്‍ത്ത പ്രചരിക്കുകയും തുടര്‍ന്ന് കൂട്ടത്തോടെ പുറത്തിറങ്ങുകയുമായിരുന്നുവെന്ന് അവിടെയുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവം നടന്ന സമയത്തെ ഇന്ത്യന്‍ എക്പ്രസിന്‍റെ വാര്‍ത്തയില്‍ ദൃശ്യങ്ങളും ഒപ്പം തന്നെ പ്രതിഷേധിച്ച തൊഴിലാളികളുടെ പ്രതികരണവും നല്‍കിയിട്ടുണ്ട്. ഇതോടെ ട്വിറ്ററിലും ഫേസ്ബുക്കുമടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായ ഒരു വ്യാജ പ്രചാരണം കൂടി പൊളിയുകയാണ്.