ലോക്ക് ഡൌണ്‍ ജൂണ്‍ വരെയെന്ന് ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം; വസ്തുത ഇത്
ലോക്ക് ഡൌണിനെ കുറിച്ച് ലോകാരോഗ്യ സംഘടന(WHO) പുറത്തിറക്കിയ നടപടിക്രമങ്ങളും പ്രോട്ടോക്കോളും എന്ന പേരില്‍ ഒരു ചിത്രം വൈറലായിട്ടുണ്ട്
ദില്ലി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌണ്‍ നീട്ടുമോ എന്ന ചർച്ച സജീവമാണ്. ഏപ്രില്‍ 14നാണ് നിലവില്‍ ലോക്ക് ഡൌണ്‍ അവസാനിക്കേണ്ടത്. ഇതിനിടെ, ലോക്ക് ഡൌണിനെ കുറിച്ച് ലോകാരോഗ്യ സംഘടന(WHO) പുറത്തിറക്കിയ നടപടിക്രമങ്ങളും പ്രോട്ടോക്കോളും എന്ന പേരില്‍ ഒരു ചിത്രം വൈറലായിട്ടുണ്ട്. ഇന്ത്യ ഇതേ നിർദേശം പിന്തുടരുന്നതായും ലോക്ക് ഡൌണ്‍ ജൂണ്‍ വരെ നീളുമെന്നും ഈ വൈറല്‍ സന്ദേശത്തില്‍ പറയുന്നു.
ഇന്ത്യയില്‍ നാല് ഘട്ടത്തിലുള്ള ലോക്ക് ഡൌണ്‍?
മഹാമാരിയെ പിടിച്ചുകെട്ടാന്‍ നാല് ഘട്ടത്തിലുള്ള ലോക്ക് ഡൌണ്‍ ഇന്ത്യ പിന്തുടരും എന്നാണ് ഈ ചിത്രം ഷെയർ ചെയ്യുന്ന പലരും അവകാശപ്പെടുന്നത്. ഇതുപ്രകാരം ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ ജൂണ്‍ 10 വരെ നീളും. നാലാംഘട്ട ലോക്ക് ഡൌണ്‍ മെയ് 25 മുതല്‍ ജൂണ്‍ 10 വരെയായിരിക്കും എന്നും ചിത്രത്തില്‍ നല്‍കിയിരിക്കുന്നു. കൊവിഡ് 19 രോഗികളുടെ അനുപാതം പൂജ്യം ആയാല്‍ മാത്രമേ ഇതിനിടെ ലോക്ക് ഡൌണ്‍ പിന്‍വലിക്കാവൂ എന്നും ചിത്രം പറയുന്നു.
വിശദീകരണവുമായി ലോകാരോഗ്യ സംഘടന
എന്നാല്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യ വിഭാഗം വ്യക്തമാക്കി. 'ലോക്ക് ഡൌണിനെ സംബന്ധിച്ച് WHOയുടെ ഇത്തരമൊരു പ്രോട്ടോക്കോള്‍ ഒരു രാജ്യവും പിന്തുടരുന്നില്ലെന്ന് അവർ ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. "ലോകത്ത് ഒരു രാജ്യവും പ്രചരിക്കുന്ന ചിത്രത്തിലെ മാതൃകയിലല്ല ലോക്ക് ഡൌണ്‍ നടപ്പാക്കിയിരിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ ലോക്ക് ഡൌണ്‍ നിയമങ്ങളും സംവിധാനങ്ങളുമുണ്ട്".
Read more: ലോക്ക് ഡൌണ്‍ മെയ് നാല് വരെ നീട്ടിയെന്ന് വ്യാപക പ്രചാരണം; സത്യമറിയാം
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൌണ്‍ ഏപ്രില്‍ 14-ാം തിയതിയാണ് അവസാനിക്കുക. ലോക്ക് ഡൌണ്‍ നീട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൌണ്‍ നീട്ടുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചന നടത്തിയിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ അത്ഭുതമുളവാക്കുന്നു എന്നുമായിരുന്നു അദേഹത്തിന്‍റെ പ്രതികരണം.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക