'കൊറോണ വൈറസ് വന്നാല്‍ സംഭവിക്കുന്നത് ഇതാണ്?' സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ വിശ്വസിക്കരുതേ...
കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ സത്യാവസ്ഥ ഇതാണ്.
ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കൊറോണ വൈറസിനെക്കുറിച്ചും രോഗസാധ്യതകളെക്കുറിച്ചും നിരവധി വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമാകുന്നുണ്ട്. ജനങ്ങളില്‍ ഭീതിയും ആശങ്കയും ജനിപ്പിക്കുന്ന അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച ഒരാളുടെ ചുണ്ടില്‍ നിന്നും ലാര്‍വയെ പുറത്തെടുക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ പങ്കുവെക്കുന്നതു മുമ്പ് ഇതറിയുക.
ചൈനയില്‍ പടര്‍ന്നു പിടിച്ച് നിരവധി ആളുകളുടെ മരണത്തിന് കാരണമായ കൊറോണ വൈറസ് ഇന്ത്യയിലേക്കും ഉടന്‍ തന്നെ വരാന്‍ സാധ്യതയുണ്ടെന്നും ശീതള പാനീയങ്ങള്‍, ഐസ്ക്രീമുകള്‍, കൂള്‍ കോഫി, എന്നിവ ഒഴിവാക്കണമെന്നും മില്‍ക്ക് ഷേക്കുകള്‍, കോള, 48 മണിക്കൂര്‍ പഴക്കമുള്ള പാല്‍ ഉപയോഗിച്ചുള്ള മധുര പലഹാരങ്ങള്‍ എന്നിവ 90 ദിവസത്തേക്ക് ഉപേക്ഷിക്കണം എന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. 1.37 സെക്കന്‍റുള്ള വീഡിയോയില്‍ ഒരാളുടെ ചുണ്ടില്‍ നിന്നും ലാര്‍വയെ പുറത്തെടുക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വാട്സാപ്പിലും ഇതേ കുറിപ്പോടെ പ്രചരിക്കുന്നതായി ബൂം ലൈവ് കണ്ടെത്തി.
Read More: സിഎഎ പ്രതിഷേധത്തെ ബുർഖ ധരിച്ചെത്തി തടയാൻ ശ്രമിക്കുന്ന യുവാവ്; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ
എന്നാല്‍ 2019 ഒക്ടോബറിലാണ് ഈ വീഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെന്നും കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത 2019 ഡിസംബറിന് മുമ്പാണിതെന്നും ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തു. 1.45 സെക്കന്‍റ് ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് കൊറോണ വൈറസുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ പ്രചരിക്കുന്നത്. കൊറോണ വൈറസിനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ലാര്‍വയെ പുറത്തെടുക്കുന്ന വീഡിയോ കൊറോണ വൈറസ് മൂലമാണെന്ന തരത്തില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
(വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. അതുകൊണ്ട് ഈ വാര്‍ത്തയോടൊപ്പം വീഡിയോ ഉള്‍പ്പെടുത്തുന്നില്ല)