പന്നികളെ കൂട്ടമായി കത്തിച്ചത് കൊറോണ പടരാതിരിക്കാനോ? കാരണം ഇതാണ്...
പന്നികളെ കൂട്ടിയിട്ട് കത്തിക്കുന്നതിന്‍റെയും ജീവനോടെ കുഴിച്ചു മൂടുന്നതിന്‍റെയും ചിത്രങ്ങള്‍ കൊറോണയുമായി ബന്ധപ്പെട്ടതാണോ? സത്യാവസ്ഥ ഇതാണ്...
ദില്ലി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുകയാണ് ഇത് സംബന്ധിച്ച വാര്‍ത്തകളും. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യാജന്മാരുമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്ക ജനിപ്പിക്കുകയുമാണ് ഇത്തരം വ്യാജവാര്‍ത്തകള്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെ വ്യാപകമായി പ്രചരിക്കുകയാണ് ഒരു ചിത്രം.
പന്നികളെ വലിയ വാഹനത്തിലാക്കി കൊണ്ടുവന്ന് കൂട്ടിയിട്ട് കത്തിക്കുന്നതിന്‍റെയും ജീവനോടെ കുഴിച്ചു മൂടുന്നതിന്‍റെയും ചിത്രമാണിത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യത്തില്‍ സംഭവിച്ചത് എന്ന രീതിയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജനാണ്. 'ആള്‍ട്ട് ന്യൂസി'ന്‍റെ ഫാക്ട് ചെക് വിഭാഗമാണ് ഈ ഫോട്ടോയുടെ സത്യാവസ്ഥ കണ്ടെത്തിയത്. 2019ല്‍ ചൈനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നു പിടിച്ച സമയത്ത് പന്നികളെ കൂട്ടമായി കത്തിക്കുന്നതിന്‍റെ ചിത്രമാണ് കൊറോണയുമായി ബന്ധിപ്പിച്ച് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് കൊറോണ വൈറസ് ബാധയുമായി ബന്ധമില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
(ഫോട്ടോ വ്യാജമാണെന്ന് കണ്ടെത്തിയത് കൊണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല)