കൊവിഡ് വ്യാപനത്തിനിടെ യുപിഎസ്സി പരീക്ഷകള്‍ റദ്ദാക്കിയോ? വാര്‍ത്തയ്ക്ക് പിന്നില്‍...
ഒരു മറാത്തി ടെലിവിഷന്‍ ചാനലാണ് യുപിഎസ്സി പരീക്ഷകള്‍ റദ്ദാക്കിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.
ദില്ലി: കൊവിഡ് വ്യാപനത്തില്‍ രാജ്യം രണ്ടാംഘട്ട ലോക്ക് ഡൗണിലേക്ക് കടന്ന സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പുകളുടെയും മൂല്യനിര്‍ണയങ്ങളുടെയും കാര്യത്തില്‍ ആശങ്ക തുടരുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുപിഎസ്സി നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ഒരു മറാത്തി ടെലിവിഷന്‍ ചാനലാണ് യുപിഎസ്സി പരീക്ഷകള്‍ റദ്ദാക്കിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും പരീക്ഷകള്‍ മാറ്റി വെക്കുന്ന കാര്യത്തില്‍ യുപിഎസ്സി ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ചാനല്‍ പുറത്തുവിട്ട വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തത്. നിശ്ചയിച്ച പരീക്ഷകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍ അത് യുപിഎസ്സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും ട്വീറ്റില്‍ വ്യക്തമാക്കി.