സിഎഎയ്‍ക്കെതിരായ പ്രതിഷേധത്തില്‍ ഷഹീന്‍ബാഗില്‍ പങ്കെടുത്തത് മോദിയുടെ ഭാര്യ യശോദ ബെന്നോ? പ്രചരിക്കുന്ന ഫോട്ടോയ്ക്ക് പിന്നില്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ മോദിയുടെ ഭാര്യ യശോദ ബെന്നും ഉണ്ടായിരുന്നോ? പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥയെന്ത്?
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നും പങ്കെടുത്തുവെന്ന് പറയപ്പെടുന്ന ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. Mj Khan Indian എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി. എന്നാല്‍ ഈ ഫോട്ടോ വ്യാജമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
'മോദിജിയുടെ ഭാര്യ യശോദ ബെന്‍ ഇന്ന് ഷഹീന്‍ ബാഗിലെത്തി' എന്ന കുറിപ്പോടെ ജനുവരി 18നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അഭിഭാഷക ദീപിക സിങ് രജാവത്തിന്‍റെ പേരിലുള്ള ഫേസ്ബുക്ക് പേജിലും ഇതേ ചിത്രം പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ 'ഡെക്കാന്‍ ക്രോണിക്കിളി'ല്‍ ഫെബ്രുവരി 13 2016 ല്‍ പ്രസിദ്ധീകരിച്ചതാണ്. മുംബൈയിലെ ചേരികള്‍ പൊളിക്കുന്നതിനെതിരെ നടന്ന നിരാഹാര സത്യാഗ്രഹത്തില്‍ യശോദ ബെന്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രമാണിതെന്നും ആസാദ് മൈതിനിയിലാണ് ഈ പ്രതിഷേധം നടന്നതെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More: പൗരത്വ നിയമ ഭേദഗതി: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചോ വാജ്‌പേയിയുടെ അനന്തരവള്‍? സത്യമിത്
ഇതേ ഫോട്ടോ തന്നെ 'ദ ഹിന്ദു'വിലും 'മിഡ് -ഡേ', 'ക്യാച്ച് ന്യൂസ്' തുടങ്ങിയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. 'ആജ് തകി'ന്‍റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും മോദിയുടെ ഭാര്യ സിഎഎയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അവര്‍ മറ്റൊരു സമരത്തില്‍ പങ്കെടുത്തതിന്‍റെ ചിത്രമാണിതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.