വൈറ്റമിന്‍ സി കൊവിഡിനെ തുരത്തുമെന്ന പ്രചാരണങ്ങളില്‍ കഴമ്പുണ്ടോ? വിദഗ്ധര്‍ പറയുന്നത്...
സാധാരണക്കാരായ ജനങ്ങളില്‍ പലരും ചിലപ്പോള്‍ ഈ പ്രചാരണങ്ങള്‍ വിശ്വസിച്ചേക്കാം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാത്രം രോഗബാധിതരായ നിരവധി ആളുകളുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രയത്‌നമാണ് ഇത്തരം മിഥ്യാധാരണകളിലൂടെ ഇല്ലാതാക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള തീവ്ര പ്രയത്‌നത്തിലാണ് ലോകം മുഴുവനുള്ള ആരോഗ്യപ്രവര്‍ത്തകര്‍. കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ പല വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളും കൊവിഡിനെതിരെ നിരവധി 'ഉപായങ്ങള്‍' കണ്ടെത്തി, വെളുത്തുള്ളി കഴിച്ചാല്‍, ദിവസവും ഒരു വാഴപ്പഴം വീതം കഴിച്ചാല്‍ കൊവിഡിനെ തുരത്താം എന്ന് സാമൂഹിക മാധ്യമങ്ങളിലെ 'മുറിവൈദ്യന്മാര്‍' പറയുകയും പ്രചരിപ്പിക്കുകയും ചെയ്തു. വൈറ്റമിന്‍ സി കൊവിഡിനെ പ്രതിരോധിക്കുമെന്നാണ് ഏറ്റവും പുതിയ പ്രചാരണം. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ?
കൊവിഡിനെ പ്രതിരോധിക്കാന്‍ വൈറ്റമിന്‍ സിയ്ക്ക് കഴിയുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍ ജിനേഷ് പി എസ് പറയുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് മാത്രമാണ് ഈ ഘട്ടത്തില്‍ അനിവാര്യം. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കല്ല മറിച്ച് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ക്കാണ് പ്രാധാന്യം. വൈറ്റമിന്‍ സി കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കാത്തതിനാല്‍ ഇത് വിശ്വാസത്തിലെടുക്കേണ്ട കാര്യവുമില്ല. കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുക എന്നത് ലോകത്തിന് മുമ്പിലുള്ള വലിയ ആവശ്യമായി നിലനില്‍ക്കുമ്പോള്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളില്‍ പലരും ചിലപ്പോള്‍ ഈ പ്രചാരണങ്ങള്‍ വിശ്വസിച്ചേക്കാം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാത്രം രോഗബാധിതരായ നിരവധി ആളുകളുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രയത്‌നമാണ് ഇത്തരം മിഥ്യാധാരണകളിലൂടെ ഇല്ലാതാക്കുന്നതെന്നും ഡോ. ജിനേഷ് കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചാല്‍ ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളും വ്യക്തിശുചിത്വം പോലെയുള്ള പ്രതിരോധമാര്‍ഗങ്ങളും അവര്‍ ഒഴിവാക്കിയേക്കാം എന്നും ഡോക്ടര്‍ ആശങ്ക പ്രകടിപ്പിച്ചു.
വൈറ്റമിന്‍ സി കൊവിഡിന്റെ വില്ലനാണോ?
വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നിതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ വൈറ്റമിന്‍ സി കൊണ്ട് മാത്രം ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനാവില്ല. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ ആവശ്യമായ 120 ന്യൂട്രിയന്റ്‌സില്‍ ഒന്നാണ് വൈറ്റമിന്‍ സി. പൂര്‍ണ ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിന് രോഗങ്ങളെ ചെറുത്ത് നില്‍ക്കാനുള്ള ശേഷിയുണ്ട്. അതിന് സഹായിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് വൈറ്റമിന്‍ സി. എന്നാല്‍ കൊവിഡ് പ്രതിരോധ മരുന്നായി വൈറ്റമിന്‍ സി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം മേധാവി ഡോ. ലളിത അപ്പുക്കുട്ടന്‍ പറയുന്നു.
സമീകൃതാഹാരമാണ് ശരീരത്തിന് അസുഖങ്ങളെ ചെറുക്കാനുള്ള ശേഷി നല്‍കുന്നത്. സമീകൃതാഹാരം, വ്യക്തിശുചിത്വം, വ്യായാമം ഇവയെല്ലാം പ്രധാനപ്പെട്ടവയാണ്. വൈറ്റമിന്‍ സി മറ്റ് വൈറ്റമിനുകള്‍ പോലെ തന്നെ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. അതിനപ്പുറം കൊവിഡിനെ പ്രതിരോധിക്കാന്‍ വൈറ്റമിന്‍ സിയ്ക്ക് കഴിയുമെന്ന് ഒരു പഠനങ്ങളും ഇതുവരെ തെളിയിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങളെ മുഖവുരയ്ക്ക് എടുക്കാതെ ആരോഗ്യ വിദഗ്ധരുടെ ഔദ്യോഗിക അറിയിപ്പുകളും ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളും പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറഞ്ഞു.
ധാരാളം വ്യായാമം ചെയ്യുന്ന ആളുകള്‍ക്ക് ജലദോഷമോ സാധാരണ പനിയോ വരുന്നതിന്റെ സാധ്യതകള്‍ കുറയ്ക്കാന്‍ വൈറ്റമിന്‍ സി ഒരു പരിധി വരെ ഫലപ്രദമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നുണ്ട്. എന്നാല്‍ വൈറ്റമിന്‍ സി കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന ഉത്തരമാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. വൈറ്റമിന്‍ സി കഴിക്കുന്നത് കൊവിഡിനെ പ്രതിരോധിക്കുമെന്നതില്‍ യാതൊരു ശാസ്ത്രീയ തെളിവുകളുമില്ല.
വൈറ്റമിന്‍ സി കൊവിഡിനെ പ്രതിരോധിക്കുമെന്ന തരത്തില്‍ നിരവധി കുപ്രചാരണങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തായും നടന്നിട്ടുണ്ടെന്ന് ഫേസ്ബുക്കിന്‍റെ ഫാക്ട് ചെക്കിങ് പങ്കാളിയായ 'ഫാക്ട് ചെക്ക്.ഓര്‍ഗ്' ചൂണ്ടിക്കാട്ടുന്നു. 'ഹെല്‍ത്തി ഫാമിലീസ് ഫോര്‍ ഗോഡ്' എന്ന സോഷ്യല്‍ മീഡിയ പേജില്‍ 'വൈറ്റമിന്‍ സി പ്രൊട്ടക്റ്റ്സ് എഗൈന്‍സ്റ്റ് കൊറോണ വൈറസ്' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വൈറ്റമിന്‍ സി കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാം എന്നതില്‍ യാതൊരു വസ്തുതയും ഇല്ലെന്നാണ് 'ഫാക്ട് ചെക്ക്.ഓര്‍ഗ്'ഉം വ്യക്തമാക്കുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക