അതിർത്തിയിൽ ഇന്ത്യൻ സൈനികരോട് കയർക്കുന്ന ചൈനീസ് പട്ടാളം; വീഡിയോയ്ക്ക് പിന്നിലെ സത്യമിത്
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ ശേഷമായിരുന്നു ഈ വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഗൽവൻ താഴ്വരയിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപം കൂടുതല്‍ സൈന്യത്തെ ഇരു രാജ്യങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനാംഗവും ചൈനീസ് പട്ടാളവും പരസ്‌പരം തര്‍ക്കിക്കുന്നു എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമെന്താണ്? ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ ശേഷമായിരുന്നു ഈ വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഗൽവൻ താഴ്വരയിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപം കൂടുതല്‍ സൈന്യത്തെ ഇരു രാജ്യങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ബാബാ ഉമര്‍ എന്നയാളാണ് അതിര്‍ത്തിയില്‍ ഇരു സൈനികരും സംസാരിക്കുന്നുവെന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചത്.
ഇന്ത്യന്‍ സൈനികനോട് തര്‍ക്കിക്കുന്ന ചൈനീസ് സൈനികരും അവരോട് സമാധാനപൂര്‍വ്വം സംസാരിക്കുന്ന ഇന്ത്യന്‍ സൈനികനുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇരുസേനകളും തമ്മില്‍ കല്ലേറുണ്ടായതിന് ശേഷം സംസാരിക്കുന്നുവെന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പമുണ്ടായിരുന്നു. നിരവധിപ്പേരാണ് ഈ വീഡിയോ പങ്കുവച്ചത്.
എന്നാല്‍, സ്വീഡനിലുള്ള അശോക് സ്വെയിന്‍ എന്ന വിദഗ്ധന്‍ ഈ വീഡിയോയുടെ വിശ്വാസ്യത ചോദ്യം ചെയ്തിരുന്നു. ഈ വീഡിയോ ശരിയാണെങ്കില്‍ തെറ്റായ രീതിയിലുള്ള വാര്‍ത്തയാണ് പ്രചരിച്ചതെന്നും സിക്കിമിലേക്ക് കടന്നുകയറിയ ചൈനീസ് സേനയെ ഇന്ത്യന്‍ സേന തുരത്തിയെന്ന വാദം തെറ്റാണെന്നുമായിരുന്നു അശോക് സ്വെയിന്‍ ട്വീറ്റ് ചെയ്തത്. സമാനമായ സംശയം പങ്കുവച്ച് നിരവധി വീഡിയോകളും പുറത്ത് വന്നിരുന്നു.
എന്നാല്‍, പ്രചരിക്കുന്ന വീഡിയോ 2020 ജനുവരി 13 ന് യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതാണെന്ന് വസ്തുതാ പരിശോധക വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് കണ്ടെത്തി. അരുണാചല്‍പ്രദേശില്‍ ഇന്തോ- ടിബറ്റന്‍ പൊലീസുമായി തര്‍ക്കിക്കുന്ന ചൈനീസ് പട്ടാളം എന്നപേരിലാണ് ഈ വീഡിയോ പബ്ലിഷ് ചെയ്തത്. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം നില്‍ക്കുന്ന മേഖലകളില്‍ പരസ്പരം തര്‍ക്കുന്ന ഇരു സേനാ വിഭാഗങ്ങളുടെ വിവിധ വീഡിയോകളും ആള്‍ട്ട് ന്യൂസിന് കണ്ടെത്താനായി.
മെയ് മാസത്തില്‍ ചൈനീസ് പട്ടാളവും ഇന്ത്യന്‍ സേനയും തമ്മിലുള്ള വാക്പോര് എന്ന പേരില്‍ വ്യാപക പ്രചാരം നേടിയ വീഡിയോ പഴയതാണെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിട്ടുള്ളത്.