രത്തൻ ടാറ്റയുടെ മാത്രമല്ല, രഘുറാം രാജന്റെ പേരിലുള്ള വ്യാജ പ്രചാരണവും പൊളിഞ്ഞു
താന്‍ അത്തരം ഒരു വെബിനാറിലും പങ്കെടുത്തിട്ടില്ലെന്ന് രഘുറാം രാജന്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കി. വ്യാജ വാര്‍ത്തകളെയും പ്രചാരണങ്ങളെക്കുറിച്ചും ശ്രദ്ധ പുലര്‍ത്തണമെന്നും രഘുറാം രാജന്‍
റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്‍റെ അധ്യക്ഷതയില്‍ രാജ്യാന്തര നാണയ നിധിയുടെ വെബിനാര്‍ നടന്നതായുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജം. കൊവിഡ് 19 വ്യാപനം തടയുന്നതില്‍ ഇന്ത്യ ഒരു പരിധി വരെ ജയമാണ്. ചൈനയില്‍ നേരിടുന്ന സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചവയാണ്. കൊവിഡ് 19 വ്യാപനത്തിന് മുന്‍പും സാമ്പത്തിക രംഗം ബുദ്ധിമുട്ടിലായിരുന്നു. വിവിധ രാജ്യങ്ങള്‍ ഇതിനോടകം തന്നെ സാമ്പത്തിക രംഗത്തിന് വേണ്ടി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട് എന്നെല്ലാമായിരുന്നു വെബിനാറിനെക്കുറിച്ച് നടന്ന പ്രചാരണം.
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ നിരവധിപേരാണ് രഘുറാം രാജന്‍റെ അധ്യക്ഷതയില്‍ നടന്ന വെബിനാറിന്‍റെ വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. റിലയന്‍സ് ബ്രാന്‍ഡ് സിഇഒ ദര്‍ശന്‍ മേത്തയുടേതായും ഈ വെബിനാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ പ്രചാരണങ്ങള്‍ വ്യാജമാണെന്നാണ് ദി ക്വിന്‍റിന്‍റെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ താന്‍ അത്തരം ഒരു വെബിനാറിലും പങ്കെടുത്തിട്ടില്ലെന്ന് രഘുറാം രാജന്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകളെയും പ്രചാരണങ്ങളെക്കുറിച്ചും ശ്രദ്ധ പുലര്‍ത്തണമെന്നും രഘുറാം രാജന്‍ പ്രതികരിക്കുന്നു.