റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ അധ്യാപകര്‍; പ്രചാരണത്തിലെ വസ്തുതയെന്ത്?
ഈ പ്രചാരണങ്ങള്‍ അര്‍ധസത്യവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷന്‍
സംസ്ഥാനത്ത് റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ അധ്യാപകരെ ചുമതലപ്പെടുത്തിയെന്ന പേരിലുള്ള പ്രചാരണത്തിലെ വസ്തുതയെന്താണ്? ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നേടിയ പോസ്റ്റുകളായിരുന്നു ഇത് സംബന്ധിച്ചുള്ളത്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ അര്‍ധസത്യവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷന്‍ വിശദമാക്കുന്നു.
ഏപ്രില്‍ 11ന്‍റെ കണക്കുകള്‍ അനുസരിച്ച് കൊവിഡ് 19 ഹോട്ട്സ്പോട്ട് ആയിരുന്ന കണ്ണൂര്‍ ജില്ലയില്‍ മാത്രമായിരുന്നു ഇാ നിര്‍ദേശം പ്രാവര്‍ത്തികമായിട്ടുള്ളത്. ജില്ലയുടെ പ്രത്യേക സ്ഥിതി കണക്കിലെടുത്തായിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധ്യാപകരേയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സേവനം ഇതിനായി പ്രയോജനപ്പെടുത്തിയത്.
റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയായിരുന്നു അധ്യാപകരുടെ ചുമതല. അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളിൽ നിയമിക്കുകയെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.