കെവൈസി സസ്പെന്‍ഡ് ചെയ്തെന്ന പേടിഎം മെസേജ് കിട്ടിയോ? എങ്കില്‍ സൂക്ഷിക്കുക!
അക്കൗണ്ട് ബ്ലോക്ക് ആവാതിരിക്കാന്‍ മെസേജിനൊപ്പമുള്ള നമ്പറുമായി ബന്ധപ്പെടാനാണ് നിരവധി ഉപഭോക്താക്കള്‍ക്ക് സന്ദേശമെത്തിയത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് മുതലായ വിവരങ്ങളാണ് ഈ നമ്പറുകളില്‍ ഉള്ളവര്‍ ആശങ്കപ്പെട്ട് വിളിക്കുന്ന ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ്.
ദില്ലി: ഉപഭോക്താക്കളുടെ വാലറ്റ് കാലിയാക്കുന്ന മെസേജുകളുമായി വ്യാജന്മാര്‍ സജീവമെന്ന് പേടിഎം. കെവൈസി സസ്പെന്‍ഡ് ചെയ്തുവെന്നും 24 മണിക്കൂറിനുള്ളില്‍ അക്കൗണ്ട് ബ്ലോക്കാവുമെന്നുമുള്ള സന്ദേശമയക്കുന്നത് വ്യാജന്മാരാണെന്നും പേടിഎം വ്യക്തമാക്കുന്നു.
അക്കൗണ്ട് ബ്ലോക്ക് ആവാതിരിക്കാന്‍ മെസേജിനൊപ്പമുള്ള നമ്പറുമായി ബന്ധപ്പെടാനാണ് നിരവധി ഉപഭോക്താക്കള്‍ക്ക് സന്ദേശമെത്തിയത്. കെവൈസി പൂര്‍ത്തിയാക്കാന്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് മുതലായ വിവരങ്ങളാണ് ഈ നമ്പറുകളില്‍ ഉള്ളവര്‍ ആശങ്കപ്പെട്ട് വിളിക്കുന്ന ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ്.
പരാതിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളോട് ഇത്തരത്തിലുള്ള മെസേജ് കമ്പനി ആവശ്യപ്പെടുന്നില്ലെന്നും പേടിഎം വിശദമാക്കി. ഫിഷിങ് പോലുള്ള തട്ടിപ്പ് നടത്തുന്നവരാണ് ഈ മെസേജുകള്‍ക്ക് പിന്നിലെന്നുമാണ് പേടിഎം വ്യക്തമാക്കുന്നത്. ഇത്തരം മെസേജുകളിലൂടെ പാസ്‍വേര്‍ഡുകളും യൂസര്‍നെയിമും വ്യാജന്മാര്‍ക്ക് ലഭിക്കും. പേടിഎം ഉടമ വിജയ് ശേഖര്‍ ഇത്തരം മെസേജുള്‍ നല്‍കുന്ന വ്യാജന്മാരെ വിശ്വസിക്കരുതെന്ന് ട്വിറ്ററില്‍ വിശദമാക്കിയിട്ടുണ്ട്.
6291628992, 7098879094 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനായിരുന്നു മെസേജുകള്‍ ആവശ്യപ്പെട്ടിരുന്നത്. വ്യാപകമായി പരന്ന ഇത്തരം സന്ദേശങ്ങളില്‍ കണ്ട നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരാള്‍ ഫോണില്‍ ടീം വ്യൂവര്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. (ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ വിദൂരത്തിലുള്ളവര്‍ക്ക് മൊബൈലിന്‍റെ നിയന്ത്രണം സ്വന്തമാക്കാന്‍ കഴിയും.) മെസേജ് വ്യാജമാണെന്ന് പറഞ്ഞ് വിളിച്ച ആളിനോട് രൂക്ഷമായ ഭാഷയില്‍ ആയിരുന്നു ഫോണ്‍ എടുത്തവരുടെ പ്രതികരണം.