'ഇൻഡോറിൽ കൊവിഡ് പരത്താൻ നോട്ടുകൾ വിതറി'; പ്രചരിക്കുന്നത് വെറും കഥകളോ?
കൊറോണ വൈറസ് വ്യാപിപ്പിക്കാനായി ചില വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ബോധപൂര്‍വ്വം റോഡില്‍ വിതറിയതാണ് കറന്‍സിയെന്നായിരുന്നു പ്രചാരണം.
കൊവിഡ് 19 വ്യാപിപ്പിക്കാനായി ഇന്‍ഡോറില്‍ കറന്‍സി നോട്ടുകള്‍ റോഡില്‍ വിതറിയെന്ന ആരോപണം വ്യാജം. റോഡില്‍ നിന്ന് പൊലീസുകാര്‍ കറന്‍സി പെറുക്കിയെടുക്കുന്ന വീഡിയോ വര്‍ഗീയ പരാമര്‍ശങ്ങളടെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചത് വര്‍ഗീയ സ്പര്‍ധ പരത്താനുള്ള ഉദ്ദേശത്തോടെയുള്ളതാണെന്നാണ് ഇന്‍ഡോര്‍ പൊലീസ് വ്യക്തമാക്കിയതെന്ന് വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂംലൈവ് കണ്ടെത്തി.
കൊറോണ വൈറസ് വ്യാപിപ്പിക്കാനായി ചില വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ബോധപൂര്‍വ്വം റോഡില്‍ വിതറിയതാണ് കറന്‍സിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ സൈക്കിളില്‍ പോയ ഡെലിവറി ബോയിയുടെ പോക്കറ്റില്‍ നിന്നും അബദ്ധത്തില്‍ വീണ് പോയതാണ് കറന്‍സിയെന്നാണ് ഇന്‍ഡോര്‍ പൊലീസ് വീഡിയോയെക്കുറിച്ച് വിശദമാക്കുന്നത്.
ഗ്ലൌസും വടിയും ഉപയോഗിച്ച് പൊലീസുകാരന്‍ നിലത്ത് നിന്ന് കറന്‍സി പെറുക്കിയെടുക്കുന്നതും ചുറ്റും ആളുകള്‍ കൂടി നിന്ന് സംസാരിക്കുന്നതുമായ 1.18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ചില ഗ്രൂപ്പുകള്‍ വീഡിയോ ഏറ്റെടുത്ത് പ്രചരിപ്പിച്ചതോടെയാണ് വീഡിയോയേക്കുറിച്ച് ബൂംലെവ് വസ്തുതാ പരിശോധന നടത്തിയത്. ഏപ്രില്‍ 16ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ റോഡില്‍ കിടന്ന നോട്ടുകളെ കുറിച്ചുള്ള വാര്‍ത്തയാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 10,50,,100,200, 500 നോട്ടുകളായിരുന്നു ഇത്തരത്തില്‍ ചിതറിക്കിടന്നിരുന്നത്.
നഷ്ടമായ പണം ആവശ്യപ്പെട്ട് ഉടമസ്ഥന്‍ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്ന് ഹീര നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രാജീവ് ഭഡോരിയ ബൂംലൈവിനോട് വ്യക്തമാക്കി. ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ബോയി മനപൂര്‍വ്വം കറന്‍സി ഉപേക്ഷിച്ച് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്നായിരുന്നു നാട്ടുകാര്‍ ആദ്യം പരാതിപ്പെട്ടത്. പണം നഷ്ടമായ ഡെലിവറി ബോയി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും കൃത്യമായ നടപടിക്ക് ശേഷം പണം ഇയാള്‍ക്ക് നല്‍കുമെന്നും ഹീര നഗര്‍ പൊലീസ് വ്യക്തമാക്കി