കൊറോണ മാറ്റാന്‍ മലേറിയയുടെ മരുന്ന്; പ്രചാരണങ്ങളിലെ വാസ്തവം പുറത്ത്
മലേറിയ മരുന്ന് കഴിച്ചാല്‍ കൊറോണ തടയാം എന്ന പ്രചാരണം ലോകവ്യാപകമായി പ്രചരിച്ചതോടെയാണ് എഎഫ്പി വസ്തുതാ പരിശോധന നടത്തിയത്. നൈജീരിയന്‍ ശൈലിയിലുള്ള ഇംഗ്ലീഷിലാണ് മലേറിയ മരുന്ന് കൊറോണയെ തടയുമെന്ന പ്രചാരണം നടക്കുന്നത്.
മലേറിയ മരുന്നുകള്‍ കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാം എന്ന പ്രചാരണങ്ങളിലെ വാസ്തവം എന്താണ്? ക്ലോറോക്വിന്‍ ഫോസ്ഫേറ്റ് എന്ന മരുന്നിന് കൊവിഡ് 19 എന്ന കൊറോണയെ മാറ്റാന്‍ സാധിക്കുമെന്ന രീതിയില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. കൊറോണയെ നേരിടാന്‍ വിവിധ മരുന്നുകള്‍ ഉപയോഗിച്ച് നടക്കുന്ന പരീക്ഷണങ്ങളില്‍ മലേറിയ മരുന്നായ ക്ലോറോക്വിന്‍ ഫോസ്ഫേറ്റും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ പ്രായോഗിക വശത്തേക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകള്‍ ഇല്ലെന്നാണ് എഎഫ്പി ഫാക്ട്ചെക്ക് കണ്ടെത്തിയത്.
മലേറിയ മരുന്ന് കഴിച്ചാല്‍ കൊറോണ തടയാം എന്ന പ്രചാരണം ലോകവ്യാപകമായി പ്രചരിച്ചതോടെയാണ് എഎഫ്പി വസ്തുതാ പരിശോധന നടത്തിയത്. നൈജീരിയന്‍ ശൈലിയിലുള്ള ഇംഗ്ലീഷിലാണ് മലേറിയ മരുന്ന് കൊറോണയെ തടയുമെന്ന പ്രചാരണം നടക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മലേറിയയ്ക്കെതിരെ വ്യാപകമായ ഉപയോഗിക്കുന്ന മരുന്നാണ് ക്ലോറോക്വിന്‍. എട്ട് ദിവസം ക്ലോറോക്വിന്‍ കഴിച്ചാല്‍ കൊറോണയെ തടയാമെന്നാണ് പ്രചാരണങ്ങള്‍ അവകാശപ്പെടുന്നത്.
ക്ലോറോക്വിന്‍ ഫോസ്ഫേറ്റ് മരുന്നിന്‍റെ ചിത്രമടക്കമുള്ളതാണ് പ്രചാരണം. ഉടന്‍ തന്നെ ഫാര്‍മസികളിലെത്തി ഈ മരുന്ന് വാങ്ങി ശേഖരിക്കണമെന്നും പ്രചാരണം ആവശ്യപ്പെടുന്നുണ്ട്. ക്ലോറോക്വിന്‍ 500 മില്ലിഗ്രാം വച്ച് എട്ട് ദിവസം കഴിച്ചാല്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് പൂര്‍ണമായും വിമുക്തരാവാമെന്നാണ് പ്രചാരണത്തിന്‍റെ അവകാശവാദം.
എന്നാല്‍ 2005ല്‍ നൈജീരിയയില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം നിരോധിച്ചതാണ് ഈ മരുന്ന്. വ്യാപകമായ രീതിയില്‍ ചികിത്സാപ്പിഴവും മരുന്നിനോടുള്ള രോഗാണുവിന്‍റെ പ്രതിരോധവും കുറയുകയും ചെയ്തതോടെയായിരുന്നു ഈ നിരോധനം. എന്നാലും ഈ നിരോധനം അവഗണിച്ചും നിരവധിപ്പേരാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.
ചൈനീസ് സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഫെബ്രുവരി 17 നടത്തിയ വിശദീകരണത്തില്‍ ലാബുകളിലെ പരീക്ഷണങ്ങളില്‍ ക്ലോറോക്വിന്‍ ഫോസ്ഫേറ്റില്‍ കൊവിഡ് 19 നെ ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന ചില ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. നൂറോളം രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ഇതിന്‍റെ ഫലസാധ്യതയെക്കുറിച്ച് വ്യക്തമായി തളിവില്ലെന്നും അധികൃതര്‍ വിശദമാക്കിയിരുന്നു. കൊവിഡ് 19 നെ നേരിടാന്‍ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.