മുംബൈയില്‍ കൊവിഡ് വ്യാപനം തടയാന്‍ ആര്‍മിയെ വിന്യസിക്കുന്നതായി വ്യാജ പ്രചാരണം

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ മുംബൈയിലും പുണെയിലും ആര്‍മിയെ വിന്യസിക്കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്

Reality behind message claims Mumbai and Pune to be under military lockdown

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. മഹാരാഷ്‌ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത് മുംബൈയിലും. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ മുംബൈയിലും പുണെയിലും ആര്‍മിയെ വിന്യസിക്കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ഥ്യം. 

'മുംബൈയും പുണെയും ശനിയാഴ്‌ച(09/05/2020) മുതല്‍ 10 ദിവസത്തെ മിലിറ്ററി ലോക്ക് ഡൗണിലേക്ക് പോവുകയാണ്. അതിനാല്‍ പലചരക്ക് സാധനങ്ങള്‍ കരുതുക. നഗരത്തിന്‍റെ നിയന്ത്രണം ആര്‍മിക്ക് കൈമാറുകയാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാത്രി എട്ട് മണിക്ക് സംസ്ഥാനത്തെ അഭിസംബോധന ചെയ്യും' എന്നായിരുന്നു ഒരു ട്വീറ്റില്‍ പറയുന്നത്.

എന്നാല്‍, ഈ പ്രചാരണങ്ങളില്‍ കഴമ്പില്ല എന്നതാണ് വസ്തുത. മെയ് എട്ടിന് സംസ്ഥാനത്തെ അഭിസംബോധന ചെയ്തിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 'മുംബൈയില്‍ ആര്‍മിയെ വിന്യസിക്കും, എല്ലാ കടകളും അടയ്‌ക്കും എന്ന കിംവദന്തി കുറച്ച് ദിവസമായുണ്ട്. ഇപ്പോള്‍ എന്തിനാണ് ആര്‍മിയെ വിളിക്കേണ്ടത്. നിങ്ങളെ ആത്മവിശ്വാസത്തിലെടുത്ത ശേഷമായിരുന്നു ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം' എന്നായിരുന്നു ഉദ്ധവ് താക്കറെ തത്സമയ വീഡിയോയില്‍ പറഞ്ഞത്. ഇക്കാര്യം അദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 

ആര്‍മിയെ വിന്യസിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി മുംബൈ പൊലീസും രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ തകൃതിയായി നടക്കുകയാണ്. മഹാരാഷ്‌ട്രയില്‍ ഇതുവരെ 22171 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത് എന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടെ 832 പേരാണ് ഇതുവരെ മരണപ്പെട്ടത്. 

Read more: അമിത് ഷായ്‌ക്ക് അനാരോഗ്യമെന്ന് പ്രചരിപ്പിച്ചു; അറസ്റ്റിലേക്ക് നയിച്ച വ്യാജ ട്വീറ്റുകള്‍ പൊളിഞ്ഞത് എങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios