പ്രവാസികളുടെ രജിസ്‍ട്രേഷന്‍ നോര്‍ക്ക റൂട്ട്സ് ആരംഭിച്ചോ; ആശയക്കുഴപ്പം വേണ്ട, സത്യാവസ്ഥ ഇതാണ്

രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഇന്നലെ രാത്രി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു

norka roots registration for expatriates start soon

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനംമൂലം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‍ട്രേഷന്‍ നോര്‍ക്ക റൂട്ട്സ് ആരംഭിച്ചു എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തം. അർദ്ധരാത്രി മുതൽ രജിസ്‍ട്രേഷന്‍ ആരംഭിക്കുന്നു എന്ന പേരില്‍ ഇന്നലെയോടെയാണ് കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ രജിസ്‍ട്രേഷന്‍ ആരംഭിച്ചിട്ടില്ലെന്നും രണ്ടുമൂന്ന് മണിക്കൂറിനുള്ളില്‍ തുടങ്ങാനാകും എന്നാണ് പ്രതീക്ഷ എന്നും നോര്‍ക്ക റൂട്ട്സ് പിആര്‍ഒ സലിന്‍ മാംകുഴി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. 

സാമൂഹ്യമാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്ന സന്ദേശമിങ്ങനെ...

"നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രവാസികൾക്ക് വേണ്ടി രജിസ്‌ട്രേഷൻ ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. ആയതിനാൽ തിരക്ക് കൂട്ടേണ്ടതില്ല. രോഗികൾ, ഗർഭിണികൾ, മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് പരിഗണന. നോർക്ക വെബ്സൈറ്റ് താഴെ. അർദ്ധരാത്രിയോടെ ലിങ്ക് ആക്റ്റീവ് ആകും. www.norkaroots.org സുഹൃത്തുക്കളിലേക്ക്‌ പങ്കുവെക്കുക. അത്യാവശ്യക്കാർക്ക്‌‌ ഉപകാരപ്പെടട്ടേ".

നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒവി മുസ്തഫയും ഇത് സംബന്ധിച്ച അറിയിപ്പ് വീഡിയോയിലൂടെ പ്രവാസികള്‍ക്കായി നല്‍കിയിരുന്നു. പലരും ഈ വീഡിയോ ഫേസ്‍ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.(അദേഹത്തിന്‍റെ പ്രതികരണത്തിനായി ശ്രമിച്ചിരുന്നെങ്കിലും മറുപടി ലഭ്യമായിട്ടില്ല).

norka roots registration for expatriates start soon

എന്നാല്‍, രജിസ്‍ട്രേഷന്‍ ഉടന്‍ ആരംഭിക്കും എന്നാണ് നോര്‍ക്കയുടെ വെബ്‍സൈറ്റില്‍ ഇന്ന് രാവിലെയും നല്‍കിയിരിക്കുന്ന അറിയിപ്പ്. രജിസ്ട്രേഷന്‍ രണ്ടുമൂന്ന് മണിക്കൂറിനുള്ളില്‍ ആരംഭിക്കുമെന്നും സോഫ്റ്റ്‍വെയര്‍ സജ്ജമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിക്കായി കാത്തുനില്‍ക്കുകയാണ് എന്നും നോര്‍ക്ക റൂട്ട്സ് പിആര്‍ഒ സലിന്‍ മാംകുഴി വ്യക്തമാക്കി. രജിസ്‍ട്രേഷനായി തിരക്കുകൂട്ടേണ്ട ആവശ്യമില്ല. രോഗികൾ, ഗർഭിണികൾ, വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയുണ്ടാകും. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ലഭിക്കാനാണ് ഇപ്പോള്‍ രജിസ്‍ട്രേഷന്‍ എന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദേഹം പറഞ്ഞു.

രജിസ്‍ട്രേഷന് എന്തിന്- നോര്‍ക്കയുടെ വിശദീകരണം

1. മടങ്ങിയെത്തുന്നവരുടെ കണക്ക് ശേഖരിക്കാന്‍
2. കോറന്‍റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്
3. മുന്‍ഗണനാക്രമം നല്‍കേണ്ടവരുടെ പട്ടിക അഭ്യര്‍ത്ഥനയായി കൈമാറാന്‍

അതേസമയം, മടങ്ങിയെത്തുന്ന പ്രവാസികളെ കോറന്‍റൈന്‍ ചെയ്യാനും ചികിത്സിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട് എന്നും നോര്‍ക്ക റൂട്ട്സ് പിആര്‍ഒ സലിന്‍ മാംകുഴി കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി രജിസ്‍ട്രേഷന്‍ ആരംഭിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios