ഹെലികോപ്റ്ററില്‍ പട്ടണങ്ങളില്‍ സർക്കാർ പണം വിതറുമെന്ന് വാർത്ത; വസ്തുത ഇതാണ്
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരുടെയും അക്കൌണ്ടിലേക്ക് 15,000 രൂപ വീതം നല്‍കുമെന്ന് കഴിഞ്ഞദിവസം പ്രചാരണമുണ്ടായിരുന്നു
ദില്ലി: 'എല്ലാ പട്ടണങ്ങളിലും ഹെലികോപ്റ്ററില്‍ സർക്കാർ പണം വിതറും'. കേള്‍ക്കുമ്പോള്‍ തന്നെ അമ്പരപ്പ് തോന്നുന്ന, സിനിമകളിലും മണി ഹീസ്റ്റ് പോലുള്ള വെബ് സീരിസുകളിലും മാത്രം കണ്ടുപരിചയമുള്ള ഈ കാഴ്‍ച ഇന്ത്യയില്‍ കാണാന്‍ കഴിയുമോ. പ്രചരിക്കുന്ന ഒരു വാർത്തയില്‍ പറയുന്നത് നഗരങ്ങളില്‍ സർക്കാർ ഹെലികോപ്റ്ററില്‍ പണം വിതറാന്‍ തീരുമാനിച്ചു എന്നാണ്.
പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്ന വാർത്ത ഒരു കന്നഡ ടെലിവിഷന്‍ ചാനലാണ് നല്‍കിയത്. പിന്നാലെ ഈ വാർത്തയുടെ സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. അമ്പരപ്പിക്കുന്ന ഈ വാർത്ത കണ്ട് ഞെട്ടിയില്ലേ. എന്തെങ്കിലും വാസ്തവമുണ്ടോ വാർത്തയില്‍. നമുക്ക് നോക്കാം.
പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സർക്കാരിന് പദ്ധതിയില്ലെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കി. അപ്പോള്‍, നോട്ടുകെട്ടുകള്‍ വായുവില്‍ നിന്ന് ഉതിർന്നുവീഴുന്ന ഈ ഹെലികോപ്റ്ററിന്‍റെ കഥ എവിടെനിന്നു വന്നു. വലിയൊരു കഥയുണ്ട് അതിന് പിന്നില്‍.
ഹെലികോപ്റ്റർ വാർത്ത അങ്ങനെയല്ല, ഇങ്ങനെയാണ്...
ഹെലികോപ്റ്ററില്‍ പണം വിതറുന്നതായുള്ള വാർത്ത കന്നഡ ടെലിവിഷന്‍ ചാനലാണല്ലോ നല്‍കിയത്. കേള്‍ക്കുന്ന ആരുടെയും കണ്ണുതള്ളുന്ന വാർത്തയ്ക്ക് പിന്നിലെ കഥയിങ്ങനെ. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 'ഹെലികോപ്റ്റർ മണി'യിലൂടെ കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് ചാനല്‍ വാർത്ത നല്‍കിയത്. എന്നാല്‍ 'ഹെലികോപ്റ്റർ മണി'യില്‍ ഒരു പാളിച്ച പറ്റി.
ഹെലികോപ്റ്റർ മണി എന്നാല്‍ വായുവില്‍ നോട്ട് വിതറലോ?
സാമ്പത്തിക പ്രതിസന്ധിയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ കൂടുതല്‍ പണം അച്ചടിച്ച് സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരാനുള്ള ശ്രമത്തിനാണ് 'ഹെലികോപ്റ്റർ മണി' എന്ന് പറയുന്നത്. ആകാശമാർഗം ആളുകളുടെ കയ്യിലേക്ക് പണം വിതരണം ചെയ്യുന്നു എന്നല്ല ഇതിനർഥം. തെലങ്കാന മുഖ്യമന്ത്രിയുടെ 'ഹെലികോപ്റ്റർ മണി' പ്രയോഗം തെറ്റിദ്ധരിച്ച് ഹെലികോപ്റ്ററില്‍ പണം വിതറുന്നു എന്ന് വാർത്ത നല്‍കുകയായിരുന്നു.
ഈ വാർത്ത ട്വിറ്ററും വാട്‍സ്ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിച്ചപ്പോള്‍ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സർക്കാർ നോട്ട് വിതറും എന്നായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പൌരന്മാരുടെയും അക്കൌണ്ടിലേക്ക് 15,000 രൂപ നല്‍കും എന്ന പ്രചാരണത്തിന് പിന്നാലെ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട ഒരു വ്യാജ വാർത്ത കൂടി പൊളിയുകയാണ്.
Read more: Read more: 'ഈ ഫോം പൂരിപ്പിച്ചാല്‍ പ്രധാനമന്ത്രിയുടെ വക 15,000 രൂപ'; പ്രചാരണം സത്യമോ?
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക