'കൊവിഡിനെ തുരത്താന്‍ മൂക്കിലൂടെ കടുകെണ്ണ പ്രയോഗം'; രാംദേവിന്‍റെ മരുന്ന് ഏശുമോ; വിദഗ്‌ധര്‍ പറയുന്നത്
കടുകെണ്ണ മുക്കില്‍ ഒഴിക്കുമ്പോള്‍ വൈറസ് വയറ്റിലെത്തും. വയറ്റിലെ ആസിഡുകള്‍ ഈ വൈറസുകളെ കൊല്ലും എന്നാണ് ബാബ രാംദേവ് പറഞ്ഞത്.
ദില്ലി: കൊവിഡ് 19 പ്രതിരോധത്തിന് കടുകെണ്ണ മൂക്കിലൂടെ ഒഴിച്ചാല്‍ മതിയെന്ന അവകാശവാദവുമായി യോഗാ ഗുരു ബാബ രാംദേവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മൂക്കിൽ കടുകെണ്ണ ഒഴിക്കുമ്പോള്‍ വയറ്റിലെത്തുന്ന വൈറസിനെ ആസിഡുകള്‍ നശിപ്പിക്കും എന്നായിരുന്നു രാംദേവിന്‍റെ അവകാശവാദം. ആജ് തക്ക് ചാനലിലെ പരിപാടിയിലൂടെയായിരുന്നു രാംദേവ് തന്‍റെ മരുന്ന് അവതരിപ്പിച്ചത്.
രാംദേവിന്‍റെ കണ്ടെത്തലുകള്‍
'കടുകെണ്ണ മുക്കില്‍ ഒഴിക്കുമ്പോള്‍ വൈറസ് വയറ്റിലെത്തും. വയറ്റിലെ ആസിഡുകള്‍ ഈ വൈറസുകളെ കൊല്ലും. സാനിറ്റൈസറുകള്‍ക്കോ ഹാന്‍ഡ് വാഷുകള്‍ക്കോ സമാനമാണ് ഈ പ്രക്രിയ' എന്നും രാംദേവ് അവകാശപ്പെട്ടിരുന്നു. ഒരുമിനിറ്റ് നേരം ശ്വാസം പിടിച്ചുനിർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ കൊവിഡ് ബാധിതനല്ല എന്നാണെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ ബാബ രാംദേവിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളയുകയാണ് വിദഗ്ധര്‍.
ശാസ്‍ത്രീയത ഇല്ല എന്നതുതന്നെ പ്രശ്‍നം
ബാബ രാംദേവ് പറഞ്ഞതിന് ആധികാരികത നല്‍കുന്ന ഒരു പഠനവുമില്ല മെഡിക്കല്‍ ജേണലുകളില്‍. ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. സരന്‍ജിത്ത് ചാറ്റര്‍ജി പറയുന്നത് വായിക്കുക. 'രാംദേവിന്‍റെ അവകാശവാദങ്ങള്‍ ശാസ്‍ത്രീയമല്ല. ആല്‍ക്കഹോളോ വിറ്റമിന്‍ സിയോ കഴിക്കുന്നത് കൊവിഡിനെ ഇല്ലാതാക്കും എന്ന് അമേരിക്കയിലും ബ്രിട്ടനിലും പ്രചാരണമുണ്ടായിരുന്നു. ഇതിന് തെളിവുകളില്ല. കടുകെണ്ണ മൂക്കില്‍ ഒഴിക്കുമ്പോള്‍ വൈറസ് വയറ്റിലെത്തുകയും അത് ചാവുകയും ചെയ്യും എന്നതിനും തെളിവുകളില്ല' എന്നും ചാറ്റര്‍ജി ദ് ക്വിന്‍റിനോട് പറഞ്ഞു.
ദില്ലിയിലെ മറ്റൊരു ഡോക്ടറായ സുമിത് റായും രാംദേവിന്‍റെ വാദങ്ങള്‍ തള്ളിക്കളഞ്ഞു. മൂക്കിലൊഴിക്കുന്ന ഏതെങ്കിലുമൊരു മരുന്ന് കൊവിഡ് വൈറസിനെ വയറ്റിലെത്തിക്കും എന്നതിന് തെളിവില്ല എന്നാണ് ഡോ. സുമിത് വ്യക്തമാക്കിയത്. കൊവിഡ് 19ന് ഇതുവരെ മരുന്നോ വാക്സിനോ കണ്ടെത്താനായിട്ടില്ലെന്നും അശാസ്ത്രീയമായി മരുന്ന് കഴിക്കുന്നത് മരണത്തിന് വരെ കാരണമായേക്കും എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന ഇന്നലെയും നല്‍കിയിട്ടുണ്ട്.