സിഎഎ പ്രതിഷേധത്തെ ബുർഖ ധരിച്ചെത്തി തടയാൻ ശ്രമിക്കുന്ന യുവാവ്; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ
വിർജിൽ ബോസ്കോ ഫെർണാണ്ടസ് എന്നാണ് ഇയാളുടെ പേര്. ഗോവയിൽ ഒരു ബസ് സ്റ്റാഡിലെ ലേഡീസ് ടോയ്‌ലറ്റിലാണ് ബുർഖ ധരിച്ചെത്തി ഇയാൾ അതിക്രമിച്ച് കയറിയത്.
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്താ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പുറത്തുവന്നിരുന്നു. ഇതിൽ വ്യാജ വീഡിയോകളും ചിത്രങ്ങളും സിഎഎ പ്രതിഷേധമെന്ന നിലയിൽ പ്രചരിച്ചിരുന്നു. അത്തരത്തിൽ ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ ബുർഖ ധരിച്ചെത്തി തടയാൻ ശ്രമിക്കുന്ന യുവാവ് എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, ഈ വീഡിയോ പഴയതാണെന്നും സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ഇതിന് ബന്ധമില്ലെന്നുമാണ് ബൂംലൈവ് കണ്ടെത്തിയിരിക്കുന്നത്.
ബുർഖ ധരിച്ച് ലേഡീസ് ടോയ്‌ലറ്റില്‍ പ്രവേശിച്ച ഒരാളെ 2019 ഫെബ്രുവരിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ യുവാവിനെ മർദ്ദിക്കുന്ന വീഡിയോ അന്ന് പുറത്തുവന്നിരുന്നു. ഇതാണ് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തെ ബുർഖ ധരിച്ചെത്തി യുവാവ് തടയാൻ ശ്രമിക്കുന്നുവെന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
വിർജിൽ ബോസ്കോ ഫെർണാണ്ടസ് എന്നാണ് ഇയാളുടെ പേര്. ഗോവയിൽ ഒരു ബസ് സ്റ്റാന്‍ഡിലെ ലേഡീസ് ടോയ്‌ലറ്റിലാണ് ബുർഖ ധരിച്ചെത്തി ഇയാൾ അതിക്രമിച്ച് കയറിയത്. ഉടൻ തന്നെ ഇയാളെ ആളുകൾ കയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. മാനസിക രോഗത്തിന് ഇയാൾ ചികിത്സയിലാണെന്നായിരുന്നു പൊലീസ് അന്ന് ബൂം ലൈവ് ന്യൂസിനോട് പറഞ്ഞിരുന്നത്.