കറാച്ചി വിമാനാപകടത്തില്‍ മരിച്ചവരില്‍ പാക് താരദമ്പതികളും? അഭ്യൂഹങ്ങള്‍ക്ക് വിരാമം; വസ്‌തുത പുറത്ത്
പാകിസ്ഥാനിലെ സെലിബ്രിറ്റി ദമ്പതികളായ ഡാനിഷ് തൈമൂറും ആയീസാ ഖാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നായിരുന്നു പ്രചാരണം. പാകിസ്ഥാനിലെ അറിയപ്പെടുന്ന ചലച്ചിത്ര-ടെലിവിഷന്‍ അഭിനേതാക്കളും മോഡലുമാണ് ഇരുവരും.
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ വിമാനാപകടത്തെ കുറിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മരിച്ചവര്‍ എത്രപേരെന്ന ആശങ്ക നിലനില്‍ക്കേ അപകടത്തെ കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നു. പാകിസ്ഥാനിലെ സെലിബ്രിറ്റി താരദമ്പതികളായ ഡാനിഷ് തൈമൂറും ആയീസാ ഖാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നായിരുന്നു ഒരു പ്രചാരണം. പാകിസ്ഥാനിലെ അറിയപ്പെടുന്ന ചലച്ചിത്ര-ടെലിവിഷന്‍ അഭിനേതാക്കളും മോഡലുമാണ് ഇരുവരും.
പ്രചാരണം
കറാച്ചിയില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഇരുവരും ഉണ്ടായിരുന്നു എന്നായിരുന്നു പ്രചാരണങ്ങള്‍. സ്ഥിരീകരിക്കാത്ത വിവരമാണിത് എന്നായിരുന്നു ചിലരുടെ ട്വീറ്റ് എങ്കില്‍ മറ്റുചിലര്‍ മരണവിവരം തറപ്പിച്ചുപറഞ്ഞു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഇരുവരും ഉണ്ടായിരുന്നു എന്നും മരിച്ചതായി നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
വസ്‌തുത
എന്നാല്‍, തകര്‍ന്നുവീണ വിമാനത്തില്‍ താരജോഡികള്‍ ഉണ്ടായിരുന്നില്ല എന്നതാണ് വസ്‌തുത. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തി.
'മെയ് ഡേ, മെയ് ഡേ', തകർന്ന് വീഴുന്നതിന് മുമ്പ് പാക് വിമാനത്തിലെ പൈലറ്റ് പറഞ്ഞത്: വീഡിയോ
വസ്‌തുതാ പരിശോധനാ രീതി
പ്രചാരണത്തിന്‍റെ വാസ്‌തമറിയാന്‍ ഡാനിഷ് തൈമൂറിന്‍റെയും ആയീസാ ഖാന്‍റെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകളെയാണ് ആശ്രയിച്ചത്. ദൈവാനുഗ്രഹത്താല്‍ 'ഞങ്ങള്‍ വീട്ടില്‍ സുരക്ഷിതരാണ്' എന്നായിരുന്നു ഡാനിഷിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച അദേഹം കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കുറിച്ചു. 'വിവേകപൂര്‍വം പ്രതികരിക്കുക, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക' എന്നായിരുന്നു ആയീസാ പോസ്റ്റ് ചെയ്തത്.
ഡാനിഷ് തൈമൂറും ആയീസാ ഖാനും വീട്ടില്‍ സുരക്ഷിതരാണ് എന്ന് പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ പാക് മാധ്യമം ഡോണ്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
നിഗമനം
കറാച്ചി വിമാനാപകടത്തില്‍ പാക് സെലിബ്രിറ്റികളായ ഡാനിഷ് തൈമൂറും ആയീസാ ഖാനും മരിച്ചതായുള്ള പ്രചാരണം വ്യാജമാണ് എന്ന് വ്യക്തമായിരിക്കുകയാണ്. വീട്ടില്‍ സുരക്ഷിതരാണ് എന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തി. അതേസമയം, അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരേയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. പലതവണ ലാൻഡ് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ വിമാനം ജനവാസമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു എന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...