കത്തിയമര്‍ന്ന് കൂപ്പുകുത്തുന്ന വിമാനം; കറാച്ചി ദുരന്തത്തിന്‍റെ ചിത്രമെന്ന പേരില്‍ പ്രചരിച്ചത് വ്യാജന്‍
കറാച്ചിയില്‍ 97 പേരുടെ ജീവനെടുത്ത വിമാനാപകടത്തിന്‍റെ ചിത്രമല്ല ഇത് എന്ന വസ്‌തുത തെളിഞ്ഞിരിക്കുന്നു
കറാച്ചി: പാകിസ്ഥാനില്‍ 97 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്‍റേത് എന്ന പേരില്‍ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവയില്‍ വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളും ഒക്കെയുണ്ടായിരുന്നു. ഇത്തരത്തിലൊരു വ്യാജ ചിത്രം ഇപ്പോള്‍ പിടികൂടിയിരിക്കുകയാണ്.
പ്രചാരണം ഇങ്ങനെ
റണ്‍വേയ്‌ക്ക് വെറും അഞ്ച് കിലോമീറ്റര്‍ അകലെ വച്ച് രണ്ട് എഞ്ചിനുകള്‍ക്കും തീപിടിക്കുകയായിരുന്നു എന്നായിരുന്നു ഒരു ട്വീറ്റ്. അപകടത്തില്‍ യാത്രക്കാരായ എല്ലാവരും മരിച്ചു എന്ന കുറിപ്പോടെയായിരുന്നു മറ്റൊരാള്‍ ചിത്രം ട്വീറ്റ് ചെയ്‌തത്. എന്നാല്‍, ചിലര്‍ പ്രതീകാത്മക ചിത്രം എന്ന രീതിയിലും ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് എഞ്ചിനുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്‍റെ എക്‌സ്‌ക്ലുസീവ് ചിത്രങ്ങള്‍ എന്ന തലക്കെട്ടില്‍ നിരവധി വാര്‍ത്താ ചാനലുകള്‍ ഈ ചിത്രം കാട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.
വാസ്‌തവം
എന്നാല്‍, കറാച്ചിയില്‍ 97 പേരുടെ ജീവനെടുത്ത വിമാനാപകടത്തിന്‍റെ ചിത്രമല്ല ഇത് എന്ന വസ്‌തുത തെളിഞ്ഞിരിക്കുന്നു. കൃത്രിമമായ ചിത്രമാണ് പ്രചരിക്കുന്നത്. സംഭവിച്ചത് ഇതാണ്...
വസ്‌തുതാ പരിശോധനാ രീതി
ചിത്രം വ്യാജമാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെയാണ് ഉറപ്പിച്ചത്. runsame എന്ന യൂട്യൂബ് ചാനലില്‍ 2019 ജൂണ്‍ 28ന് ഈ ചിത്രത്തിന് ആധാരമായ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. അതായത്, കറാച്ചി വിമാന ദുരന്തം നടക്കുന്നതിന്‍റെ ഏതാണ് ഒരു വര്‍ഷം മുന്‍പ്. PIA 777-200 എന്നാണ് വിമാനത്തിന്‍റെ നമ്പര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, PIA A320 വിമാനമാണ് കറാച്ചിയില്‍ കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.
നിഗമനം
കറാച്ചി വിമാനാപകടത്തിന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. വിമാന ദുരന്തങ്ങളുടെ മാതൃക കാട്ടുന്ന കൃത്രിമ വീഡിയോയില്‍ നിന്ന് സ്‌ക്രീന്‍ഷോട്ട് എടുത്ത ചിത്രമാണ് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്. അപകടത്തില്‍ എല്ലാവരും മരിച്ചു എന്ന പ്രചാരണവും കളവാണ്. 97 പേര്‍ മരണപ്പെട്ട ദുരന്തത്തില്‍ രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...