ജെഎന്‍യു സമരം: ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അഞ്ച് നുണകളും; വസ്തുതകളും
വിദ്യാര്‍ത്ഥി സമരത്തിനെതിരെ രാഷ്ട്രീയ പ്രചരണം നടത്തുന്ന ചില ഹാന്‍റിലുകളാണ് ഇത്തരം തെറ്റായ പ്രചരണങ്ങള്‍ കൂടുതലായി നടത്തുന്നത് എന്നാണ് ബൂംലൈവ്.ഇന്‍ നടത്തിയ വസ്തുതപരിശോധനയില്‍ മനസിലാകുന്നത്. പ്രധാനമായും അഞ്ച് തെറ്റായ വിവരങ്ങളാണ് ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട പ്രചരിക്കുന്നത്.
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ദില്ലിയില്‍ നടത്തിയ സമരവും അതിനെതിരായി നടന്ന പൊലീസ് നടപടിയും ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയാണ് സൃഷ്ടിച്ചത്. ഇതിന്‍റെ അലയൊലിയായി പല വിവരങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥി സമരത്തിനെതിരെ രാഷ്ട്രീയ പ്രചരണം നടത്തുന്ന ചില ഹാന്‍റിലുകളാണ് ഇത്തരം തെറ്റായ പ്രചരണങ്ങള്‍ കൂടുതലായി നടത്തുന്നത് എന്നാണ് ബൂംലൈവ്.ഇന്‍ നടത്തിയ വസ്തുതപരിശോധനയില്‍\
1. ജെഎന്‍യു വിദ്യാര്‍ത്ഥിയുടെതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം
ബിജെപിയുടെ ഹരിയാന സംസ്ഥാന വക്താവ് രമണ്‍ മാലിക്കാണ് ആദ്യമായി ഈ ചിത്രം ട്വീറ്റ് ചെയ്തത്. സര്‍വകലാശാല ഫീസ് വര്‍ദ്ധനയ്ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനിയുടെ ജീവിത ശൈലി ഇങ്ങനെയാണ്, എന്ന രീതിയിലായിരുന്നു ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് ഉള്ളത്. ഒന്ന് മദ്യകുപ്പിയുമായി ഇരിക്കുന്ന പെണ്‍കുട്ടിയും, ഫീസ് വര്‍ദ്ധനയ്ക്കെതിരെ പ്ലാക്കാര്‍ഡുമായി നില്‍ക്കുന്ന വിദ്യാര്‍ത്ഥിയും. രണ്ടുപേരും ഒന്നാണ് എന്നാണ് രമണ്‍ മാലിക്കിന്‍റെ അവകാശവാദം.
#jnuprotest #JNU_को_बंद_करो #JNUFreebies #JNUMuftkhorStudents
— Raman Malik (@ramanmalik) November 16, 2019
I just hope if she Avoid smoking one pack of cigarette in a month and not drinking twice in a Month she would be able to afford in this hike of room rent being at 300 Rs. month pic.twitter.com/kfzmIOHyDw
ഈ ചിത്രങ്ങളില്‍ നടത്തിയ ആന്വേഷണത്തില്‍ ഒന്നാമത്തെ ചിത്രം ആഗസ്റ്റ് 27 2015 ല്‍ ഒരു ബംഗാളി ഫേസ്ബുക്ക് പേജില്‍ 'മദ്യപാനം ഹറാമാണ്' (ബംഗാളിയില്‍) എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തതാണ്.
അതേ സമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനി ജെഎന്‍യു വിദ്യാര്‍ത്ഥിനിയായ പ്രിയങ്ക ഭാരതിയാണ്. ഇവര്‍ നവംബര്‍ 11, 2019നാണ് ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ ചിത്രം ഇട്ടത്. ബൂം നടത്തിയ അന്വേഷണത്തില്‍ രണ്ട് ചിത്രത്തിലും ഉള്ളത് ഒരാളല്ലെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് അനവധി കള്ളപ്രചാരണങ്ങള്‍ നടക്കുന്നു എന്നാണ് ബൂം ബന്ധപ്പെട്ടപ്പോള്‍ പ്രിയങ്ക ഭാരതി പ്രതികരിച്ചത്.
2. ആനിരാജ ജെഎന്‍യു സമരത്തില്‍
എത്തിസ്റ്റ് കൃഷ്ണഫാന്‍ ക്ലബ് ഒരു ചിത്രം ഷെയര്‍ ചെയ്തു. സിപിഐ നേതാവ് ആനിരാജയായിരുന്നു ചിത്രത്തില്‍. ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ ജെഎന്‍യു സമരത്തിനിടയില്‍ പൊലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു ഇതിന്‍റെ അടിക്കുറിപ്പ്.
JNU first year student arrested by Delhi police
— Atheist Krishna fanclub (@Kannaujbale) November 18, 2019
Shame on delhi police who are torturing innocent student 😏#JNU_को_बंद_करो pic.twitter.com/8fNuKhiBX8
എന്നാല്‍ ആനിരാജ കഴിഞ്ഞ ദിവസത്തെ ജെഎന്‍യു സമരത്തില്‍ ഏതെങ്കിലും രീതിയില്‍ പങ്കെടുത്തിട്ടില്ല. ഈ ചിത്രങ്ങള്‍ 2019 മെയ് മാസത്തിലുള്ളതാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രജ്ഞന്‍ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നടത്തിയ സമരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
അന്ന് ആനി രാജയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് ജെഎന്‍യു സമരത്തിന്‍റെ പേരില്‍ എന്ന് പ്രചരിപ്പിക്കുന്നത്.
3. ലാഹോറിലെ സമരം ജെഎന്‍യു സമരമായി പ്രചരിക്കുന്നു
ആസാദി ഗാനത്തോടെ ജെഎന്‍യുവിന് വേണ്ടി ലാഹോര്‍ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം എന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് ഫേസ്ബുക്കില്‍. അന്‍ഷുമാന്‍ ശുക്ല എന്ന വ്യക്തി ആദ്യമായി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 400 ഓളം ഷെയറും 40000 വ്യൂവും ലഭിച്ചിട്ടുണ്ട്. 'JNU for you' എന്നാണ് ഇതിന് തലക്കെട്ട് നല്‍കിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റി. ജെഎന്‍യുവിലെ സമരം എന്ന രീതിയിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
ബൂം നടത്തിയ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ഇത് ജെഎന്‍യു സമരവുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായി. 2019 ല്‍ ലാഹോര്‍ യൂണിവേഴ്സിറ്റിയില്‍ അരങ്ങേറിയ ഫയിസ് ഫെസ്റ്റിവലിന്‍റെ ദൃശ്യങ്ങളാണ് ഇവ. ഫേസ്ബുക്കിലും ട്വിറ്ററിലും #FaizFestival2019 എന്ന ഹാഷ്ടാഗോടെ ലാഹോര്‍ സ്വദേശിയായ ആക്ടിവിസ്റ്റ് ഖാലിദ് മഹമ്മൂദാണ് ഇതില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതേ സമയം ആസാദി വിളിച്ച് മാര്‍ച്ച് ചെയ്യുന്നത് ജെഎന്‍യു സമരവുമായി ഒരു ബന്ധവും ഇല്ല. ആസാദി വീഡിയോ സംബന്ധിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇങ്ങനെയാണ്.
ലാഹോര്‍ യൂണിവേഴ്സിറ്റിയില്‍ കവി ഫയിസ് അഹമ്മദ് ഫയിസിന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടി നടത്തിയ കവിത ഉത്സവത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തി.
4. 43 വയസുള്ള ജെഎന്‍യു വിദ്യാര്‍ത്ഥിനി
സീടിവിയുടെ വീഡിയോയില്‍ നിന്നുള്ള ഒരു ചിത്രം വച്ച്, ഒരു പെണ്‍കുട്ടിയെ 43 വയസുള്ള ജെഎന്‍യുവില്‍ പഠിക്കുന്ന സ്ത്രീയാണ് ഇത്, ഇവരുടെ മകളും ഇവിടെയാണ് പഠിക്കുന്നത്. എന്ന ക്യാപ്ഷനുമായി ഒരു ചിത്രം പ്രചരിപ്പിക്കുന്നു. രഞ്ജിത്ത് ഷാ എന്നയാള്‍ ഇട്ട ഈ ചിത്രം പിന്നീട് ട്വിറ്റര്‍ ഫേസ്ബുക്ക് എന്നിവയില്‍ വൈറലായി.
എന്നാല്‍ ബൂം നടത്തിയ അന്വേഷണത്തില്‍ ഇത് ജെഎന്‍യുവിലെ ഫ്രഞ്ച് ഡിപ്പാര്‍ട്ട്മെന്‍റില്‍ മാസ്റ്റര്‍ ഡിഗ്രി പഠിക്കുന്ന 23 വയസുള്ള ഷംബാവി സിദ്ദി എന്ന വിദ്യാര്‍ത്ഥിനിയായി എന്ന് മനസിലായി.
5. ഷെഹ്ല റാഷിദിന്‍റെ വ്യാജ ചിത്രം
മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്ല റാഷിദിന്‍റെ ഒരു ചിത്രം ചില അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പ്രകാരം ഇതാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉദാഹരണം എന്ന പേരിലാണ് പ്രചരിപ്പിക്കുന്നത്. പാകിസ്ഥാന്‍ പതാകയ്ക്ക് സമാനമായ സാരി ഉടുത്ത് ഷെഹ്ല റാഷിദ് വിദേശ രാജ്യത്ത് നില്‍ക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. അതേ സമയം സാധാരണ നിലയില്‍ ഷെഹ്ല നില്‍ക്കുന്ന ചിത്രവും ഉണ്ട്. ഇന്ത്യയില്‍ ഇങ്ങനെ, വിദേശത്ത് ഇങ്ങനെ എന്നാണ് ഫോട്ടോയില്‍ എഴുതിയിരിക്കുന്നത്.
എന്നാല്‍ ഷെഹ്ല റാഷിദിന്‍റെ സാരി ഉടുത്ത ചിത്രങ്ങള്‍ റിവേസ് സെര്‍ച്ച് നടത്തിയപ്പോള്‍ കടും പച്ച നിറത്തിലുള്ള സാരി ഉടുത്ത ചിത്രങ്ങള്‍ ലഭിച്ചു. എന്നാല്‍ പോസ്റ്റിലെ പോലെ അത് പാകിസ്ഥാന്‍ കൊടിയുമായി സാമ്യം ഉള്ളതല്ല. അത് പിന്നീട് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് വ്യക്തം. ഷെഹ്ല അമേരിക്കയിലെ മാന്‍ഹട്ടണില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഈ ചിത്രങ്ങള്‍ എടുത്തത്. ഇതില്‍ ചില ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്.