ജാമിയ മിലിയ വെടിവയ്പ്: പരിക്കേറ്റ വിദ്യാര്‍ഥിയുടെ കയ്യില്‍ കണ്ട ചുവന്ന ബോട്ടിലില്‍ എന്താണ്? ദുരൂഹതയ്ക്ക് അവസാനം
കൈയ്ക്ക് വെടിയേറ്റ വിദ്യാര്‍ഥിയെ ആംബുലന്‍സിലെത്തിക്കാന്‍ ബാരിക്കേഡ് മാറ്റാതിരുന്ന നടപടി രൂക്ഷ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. വിദ്യാര്‍ഥിയുടെ കയ്യിലുണ്ടായിരുന്ന ബോട്ടില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു ബാരിക്കേഡ് മാറ്റാതിരുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്
ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന വെടിവയ്പില്‍ പരിക്കേറ്റയാളുടെ പക്കല്‍ കണ്ട ചുവന്ന ബോട്ടിലിനെക്കുറിച്ചുള്ള ദുരൂഹത മാറുന്നു. വെടിവയ്പില്‍ പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയില്‍ എത്തിയ വിദ്യാര്‍ഥിയുടെ കയ്യിലുണ്ടായിരുന്ന ബോട്ടില്‍ മൂലമാണ് ബാരിക്കേഡിന് മുകളിലൂടെ കടക്കേണ്ടി വന്നതെന്ന് പ്രചാരണങ്ങള്‍ നടന്നിരുന്നു. കൈയ്ക്ക് വെടിയേറ്റ വിദ്യാര്‍ഥിയെ ആംബുലന്‍സിലെത്തിക്കാന്‍ ബാരിക്കേഡ് മാറ്റാതിരുന്ന നടപടി രൂക്ഷ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ചുവന്ന നിറത്തില്‍ വിദ്യാര്‍ഥിയുടെ കയ്യില്‍ ഒരു ബോട്ടില്‍ ഉണ്ടായിരുന്നു. ഈ ബോട്ടില്‍ ആണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നായിരുന്നു പ്രചാരണം. വിദ്യാര്‍ഥിക്കേറ്റ പരിക്കിനെക്കുറിച്ചും സംശയമുണ്ടെന്ന നിലയിലായിരുന്നു സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും പേജുകളിലും നടന്ന പ്രചാരണം. രക്തം കൊണ്ടു നടക്കുന്ന ബോട്ടില്‍ ആണ് ഇതെന്നും പ്രചാരണങ്ങളില്‍ വാദമുണ്ടായിരുന്നു.
വെടിയുതിര്‍ത്തയാള്‍ ശബ്ദം മാത്രം വരുന്ന ഒന്നാണ് വച്ചത്, ശബ്ദം കേട്ട വിദ്യാര്‍ഥി നിറം വാരി പുരട്ടുകയായിരുന്നെന്നും ചിലര്‍ പരിഹസിച്ചു.
എന്നാല്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ കയ്യില്‍ക്കണ്ട ബോട്ടില്‍ ചായമോ, രക്തം നിറച്ച ബോട്ടിലോ അല്ലെന്ന് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു. വിദ്യാര്‍ഥിയെ ബാരിക്കേഡിന് സമീപത്തേക്ക് എത്തിച്ച പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ബോട്ടിലായിരുന്നു വ്യാജപ്രചാരണങ്ങളിലേക്ക് വഴിവച്ചത്.
പരിക്കേറ്റ വിദ്യാര്‍ഥിയുടെ മറ്റൊരു ചിത്രത്തില്‍ ഒപ്പമുള്ള പെണ്‍കുട്ടിയുടെ കയ്യിലുള്ള കുടിവെള്ള ബോട്ടില്‍ വ്യക്തമായും കാണാന്‍ സാധിക്കും. ചാര നിറത്തിലുണ്ടായിരുന്ന ബോട്ടിലിന്‍റെ ചരട് വ്യാപകമായി പ്രചരിക്കപ്പെട്ട ചിത്രങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കില്ലായിരുന്നു. വെള്ളക്കുപ്പിയായിരുന്നു ആ ചുവന്ന ബോട്ടിലെന്ന് കണ്ടെത്തിയതോടെ അന്ത്യമാകുന്നത് വലിയ രീതിയില്‍ നടന്ന വ്യാജ പ്രചാരണങ്ങള്‍ക്കാണ്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചയാള്‍ ബജ്റംഗദള്‍ പ്രവര്‍ത്തകനാണെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ദില്ലിയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പുണ്ടായത്. പൊലീസും മാധ്യമങ്ങളും നോക്കി നില്‍ക്കവേയാണ് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൈയ്ക്ക് പരിക്കേറ്റു. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ പ്രതിയെ സംഭവസ്ഥലത്ത് നിന്നു തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഇതിനാല്‍ തന്നെ ജുവനൈല്‍ ചട്ടങ്ങള്‍ പ്രകാരമാണ് ഇയാളെ വിചാരണ ചെയ്യുന്നത്.
പ്രതി ബജ്റംദളിന്റെ സജീവ പ്രവർത്തകനാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. തീവ്രഹിന്ദുത്വ നിലപാടുള്ള ഇയാൾ നേരത്തേ സ്വന്തം നിലക്കും പൗരത്വ ഭേദഗതിക്ക് അനുകൂലമായി പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് നല്‍കിയത് സുഹൃത്താണെന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ പ്രായപരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
(പ്രായപൂർത്തിയായിട്ടില്ല എന്ന് പൊലീസ് പറയുന്നതിനാൽ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ പേര് ഇപ്പോൾ പുറത്തുവിടാൻ നിർവാഹമില്ല. അതിനാലാണ് ഇയാളുടെ പേര് വാർത്തകളിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഒഴിവാക്കുന്നത്)