മലേഷ്യയില്‍ യുവതി സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണു മരിച്ചു; കൊറോണ വൈറസ് മൂലമെന്ന് വ്യാജ പ്രചാരണം
മലേഷ്യയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചത് കൊറോണ വൈറസ് മൂലമാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ക്വലാലംപൂര്‍: ചൈനയിലെ വുഹാന്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് ആരോഗ്യരംഗത്ത് വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇതിനിടെ കൊറോണയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടരുന്നു. മലേഷ്യയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചത് കൊറോണ വൈറസ് മൂലമാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
തെളിവായി നിരത്തുന്നത് സിസിടിവി ദൃശ്യം
മലേഷ്യയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ളതാണ് ദൃശ്യം. മാര്‍ക്കറ്റിലൂടെ നടന്ന് സാധനങ്ങള്‍ നോക്കുകയാണ് യുവതി. എന്നാല്‍, പെട്ടെന്ന് അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഈ ദൃശ്യമാണ് ആളുകളെ പരിഭ്രാന്തരാക്കുന്ന തലക്കെട്ടുകളോടെ ഇപ്പോള്‍ പ്രചരിക്കുന്നത്. യുവതി കുഴഞ്ഞുവീണത് കൊറോണ വൈറസ് മൂലമാണ് എന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നവര്‍ അവകാശപ്പെടുന്നത്.
'ഇതാണ് കൊറോണ വൈറസ്. കൊറോണ സ്‌ത്രീയെ ആക്രമിക്കുകയും അവര്‍ രണ്ട് മിനുറ്റിനുള്ളില്‍ മരിക്കുകയുമുണ്ടായി. ചൈനയിലും ഇന്ത്യയിലും സിംഗപ്പൂരിലും ഇപ്പോള്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കുക'- ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയ്‌ക്ക് ഒപ്പമുള്ള കുറിപ്പ് ഇതായിരുന്നു. 'സിംഗപ്പൂരില്‍ കൊറോണ വൈറസ് മൂലം ഒരാള്‍ മരിച്ചു' എന്ന് മറ്റൊരു ഫേസ്‌ബുക്ക് യൂസര്‍ ഷെയര്‍ ചെയ്തു.
യുവതി മരിച്ചത് കൊറോണ വൈറസ് മൂലമല്ല
മലേഷ്യയില്‍ ജനുവരി 26നാണ് സംഭവം നടന്നത്. ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനിടെ ഇരുപതുകാരിയായ നൂര്‍ ഇസായാണ് മരണപ്പെട്ടത്. എന്നാല്‍ നൂര്‍ മരണപ്പെട്ടത് കൊറോണ മൂലമല്ലെന്നും ഹൃദയഘാതത്തെ തുടര്‍ന്നാണെന്നും അവരുടെ ബന്ധു സ്ഥിരീകരിച്ചതായി ബൂംലൈവ് റിപ്പോര്‍ട്ട് ചെയ്തു. വ്യാജ വീഡിയോ ഷെയര്‍ ചെയ്യരുത് എന്നാവശ്യപ്പെട്ട് മലേഷ്യന്‍ ആരോഗ്യമന്ത്രാലയം രംഗത്തെത്തി. മലേഷ്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.