ദില്ലി കലാപത്തിനിടെ അംബേദ്‌കറുടെ പ്രതിമ തകര്‍ത്തോ; പ്രചാരണങ്ങളുടെ വസ്‌തുത പുറത്ത്
അംബേദ്‌കറുടെ പ്രതിമ പല കഷണങ്ങളായി കിടക്കുന്ന രണ്ട് ചിത്രങ്ങളാണ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്
ദില്ലി: ദില്ലി കലാപത്തിനിടെ ബാബാസാഹിബ് അംബേദ്‌കറുടെ പ്രതിമ തകര്‍ക്കപ്പെട്ടു എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്. ഇതിന് പിന്നിലെ വസ്‌തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
അംബേദ്‌കറുടെ പ്രതിമ പല കഷണങ്ങളായി കിടക്കുന്ന രണ്ട് ചിത്രങ്ങളാണ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും ഇവ വ്യാപകമായി പ്രചരിച്ചു. ദില്ലിയിലെ സീലാംപുരില്‍ നിന്നുള്ളതാണ് ചിത്രമെന്ന് പലരും അവകാശപ്പെട്ടു. വര്‍ഗീയ കലാപം അരങ്ങേറിയ വടക്കന്‍ ദില്ലിയിലെ പ്രദേശമാണ് സീലാംപുര്‍.
എന്നാല്‍ ഫാക്‌ട് ചെക്ക് വെബ്‌സൈറ്റായ ബൂംലൈവിന്‍റെ പരിശോധനയില്‍ കണ്ടെത്തിയത് മറ്റൊന്നാണ്. സോംവീര്‍ സിംഗ് എന്നൊരാള്‍ 2020 ഫെബ്രുവരി 26ന് ഇതേ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തിരുന്നു. ട്വീറ്റില്‍ ഉത്തര്‍പ്രദേശ് പൊലീസിനെയും സുല്‍ത്താന്‍പുര്‍ പൊലീസിനെയും ടാഗ് ചെയ്‌തിട്ടുണ്ട്. പ്രതിമ തകര്‍ക്കപ്പെട്ടതില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടായിരുന്നു സോംവീറിന്‍റെ ട്വീറ്റ്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം നടക്കുന്നതായും സുല്‍ത്താന്‍പുര്‍ പൊലീസ് ട്വീറ്റിന് മറുപടി നല്‍കിയിട്ടുണ്ട്.
അംബേദ്‌കറുടെ പ്രതിമ തകര്‍ത്ത സംഭവം ദില്ലിയിലല്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പൊലീസുമായി സംസാരിച്ചപ്പോള്‍ ബൂംലൈവിന് ലഭിച്ചതും ഇതേ വിവരങ്ങളാണ്. സുല്‍ത്താന്‍പുരിലെ കരൗന്ദി കലാം എന്ന സ്ഥലത്താണ് അംബേദ്‌കറുടെ പ്രതിമ തകര്‍ക്കപ്പെട്ടത്. എന്നാല്‍ വര്‍ഗീയ ലക്ഷ്യങ്ങളോടെ തെറ്റായ തലക്കെട്ടില്‍ ഈ ചിത്രങ്ങള്‍ പ്രചരിക്കുകയായിരുന്നു.