സഞ്ജുവിനെ തഴഞ്ഞതിനെതിരെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ രൂക്ഷ പ്രതികരണം; ട്വീറ്റിലെ യാഥാര്‍ത്ഥ്യമെന്ത്
സഞ്ജുവിനെ നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയതില്‍ മുഖ്യ സെലക്‌ടര്‍ എംഎസ്‌കെ പ്രസാദിനെതിരെ ആഞ്ഞടിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍
മുംബൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഇന്ത്യന്‍ സീനിയര്‍ സെലക്‌ടര്‍മാര്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മഹാനായ ക്രിക്കറ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ സെലക്‌ടര്‍മാരെ പേരെടുത്ത് വിമര്‍ശിച്ചുള്ള ട്വീറ്റ് വലിയ വിവാദമാവുകയും ചെയ്തു. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റ് എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വലിയ പ്രചാരമാണ് നേടിയത്.
അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റിന് പിന്നിലെ വസ്‌തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യക്കായി അണ്ടര്‍ 19 കളിച്ചിട്ടുള്ള അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല എന്ന് പിതാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ആരാധകരെ അറിയിച്ചത്. വേരിഫൈഡ് അക്കൗണ്ടില്‍ നിന്നല്ല ട്വീറ്റ് പ്രത്യക്ഷപ്പെട്ടത് എന്നത് അന്ന് സംശയളുണര്‍ത്തിയിരുന്നു. എങ്കിലും ട്വീറ്റ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ തന്നെയാണ് ഉറപ്പിച്ചു സഞ്ജുവിന്‍റെ ആരാധകരില്‍ ചിലരെങ്കിലും.
"എന്‍റെ മകന്‍ അര്‍ജുനും മകള്‍ സാറക്കും ട്വിറ്റര്‍ അക്കൗണ്ടുകളില്ല. 'ജൂനിയര്‍ ടെന്‍ഡുല്‍ക്കര്‍' എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുണ്ടാകുന്ന ട്വീറ്റുകള്‍ വ്യാജമാണ്. ഈ അക്കൗണ്ടിനെതിരെ ട്വിറ്റര്‍ ഇന്ത്യ അതിവേഗം ഉചിതമായ നടപടികള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു"- സച്ചിന്‍ ട്വീറ്റ് ചെയ്തു. വിവാദ ട്വീറ്റ് പ്രത്യക്ഷപ്പെട്ട അക്കൗണ്ട് മാത്രമല്ല. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ വേറെയും വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ട്.
സഞ്ജു സാംസണെ ടീമില്‍ നിന്ന് നേരത്തെ ഒഴിവാക്കിയതില്‍ ചീഫ് സെലക്‌ടര്‍ എംഎസ്‌കെ പ്രസാദിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ജൂനിയര്‍ ടെന്‍ഡുല്‍ക്കര്‍ എന്ന വ്യാജ പേരിലുള്ള ട്വിറ്റര്‍ യൂസര്‍. "ഋഷഭ് പന്തിനെ എംഎസ്‌കെ പ്രസാദ് എങ്ങനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത് എന്ന് തനിക്ക് മനസിലാവുന്നില്ല. ഒരാളില്‍ വിശ്വാസമര്‍പ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ സഞ്ജു സാംസണെ പോലൊരു പ്രതിഭയെ തഴയാന്‍ അവകാശമുണ്ട് എന്നല്ല അതിനര്‍ത്ഥം. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ മിസ് ചെയ്യും"- എന്നായിരുന്നു വ്യാജ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്.
ആരാധകരെ സന്തോഷിപ്പിച്ച് സഞ്ജുവിന്‍റെ തിരിച്ചുവരവ്
വിവാദങ്ങള്‍ക്കൊടുവില്‍ താരത്തെ വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍മുട്ടിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ തിരിച്ചുവിളിച്ചത്. നേരത്തെ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാതെ താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതില്‍ കടുത്ത വിമര്‍ശനം ഉയരവെയാണ് താരത്തെ തിരിച്ചുവിളിച്ചത്.