'വാട്‍സ്ആപ്പ് ഗ്രൂപ്പ് അഡ്‍മിന്‍മാരുടെ ശ്രദ്ധയ്ക്ക്'; ആ വ്യാജ പ്രചാരണം അവസാനിക്കുന്നില്ല
ഈ പ്രചാരണത്തില്‍ കഴമ്പില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഉള്‍പ്പടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഇതേ സന്ദേശം ദക്ഷിണാഫ്രിക്കയില്‍ വൈറലായിരിക്കുകയാണ്.
ജൊഹന്നസ്ബർഗ്: 'കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയർ ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കും എന്നൊരു പ്രചാരണം ഇന്ത്യയില്‍ മുന്‍പ് വൈറലായിരുന്നു. ഈ പ്രചാരണത്തില്‍ കഴമ്പില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഇതേ സന്ദേശം ദക്ഷിണാഫ്രിക്കയില്‍ വൈറലായിരിക്കുകയാണ്.
'സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് കൊവിഡ് 19 സംബന്ധിയായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയർ ചെയ്യാനുള്ള അധികാരമുള്ളത്. ഇന്ന് അർധ രാത്രി മുതല്‍ ഡിസാസ്റ്റർ മാനേജ്മെന്‍റ് നിയമം രാജ്യത്ത് നടപ്പാക്കുകയാണ്. തെറ്റായ വിവരം പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍മാർക്കെതിരെ കേസ് എടുക്കും. ഇക്കാര്യം എല്ലാ ഗ്രൂപ്പ് അഡ്മിന്‍മാരും അംഗങ്ങളെ അറിയിക്കേണ്ടതാണ്'. എന്നിങ്ങനെ നീളുന്നു വൈറല്‍ സന്ദേശം. വിശ്വാസ്യത കൂട്ടാന്‍ ഒരു ടെലിവിഷന്‍ ചാനലിന്‍റെ സ്ക്രീന്‍ഷോട്ടും ഈ സന്ദേശത്തിനൊപ്പമുണ്ടായിരുന്നു.
ഈ വൈറല്‍ സന്ദേശം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഇന്ത്യയിലാണ് എന്നതാണ് വസ്തുത. ഇന്ത്യയിലെ ഡിസാസ്റ്റർ മാനേജ്മെന്‍റ് നിയമത്തില്‍ ഇത്തരമൊരു വകുപ്പ് ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ഏപ്രില്‍ ആദ്യവാരം തെളിഞ്ഞിരുന്നു. സമാനമായി ദക്ഷിണാഫ്രിക്കന്‍ ഡിസാസ്റ്റർ മാനേജ്മെന്‍റ് നിയമത്തിലും വാട്‍സ്ആപ്പ്-ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍മാരെ ശിക്ഷിക്കാനുള്ള നിയമമില്ലെന്നും പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ആഫ്രിക്ക ചെക്ക് റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക