'കൊവിഡ് പിടിപെട്ട് ഇറ്റലിയിലെ ആശുപത്രിയില്‍ മരിച്ചുകിടക്കുന്ന ഡോക്ടർമാർ'; ചിത്രം വ്യാജം
കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ 100ലേറെ ഡോക്ടർമാർ മരിച്ചതായി നാല് ദിവസം മുന്‍പ് വാർത്ത പുറത്തുവന്നിരുന്നു.
റോം: ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് ഡോക്ടർമാർ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആശുപത്രിയില്‍ മരിച്ചുകിടക്കുന്നതായി പ്രചരിക്കുന്ന ചിത്രം വ്യാജം. വാർത്താ ഏജന്‍സിയായ എഎഫ്‍പിയാണ് വ്യാജ പ്രചാരണത്തിന് പിന്നിലെ ചുരുളഴിച്ചത്.
'കൊവിഡ് ബാധിച്ച് 200ലേറെ ഡോക്ടർമാരും നഴ്സുമാരും ഇറ്റലിയില്‍ മരണപ്പെട്ടു. വൈറസില്‍ നിന്ന് ലോകത്തെ ദൈവം രക്ഷിച്ചു'. ഇറ്റലിക്കായി പ്രാർത്ഥിക്കുക(#letsprayforitaly) എന്ന ഹാഷ്‍ടാഗോടെ ആയിരുന്നു ട്വീറ്റ്. മാർച്ച് അവസാനത്തോടെയാണ് ഫേസ്ബുക്കില്‍ ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്.
എന്നാല്‍, കൊവിഡ് കനത്ത നാശം വിതച്ച ഇറ്റലിയില്‍ നിന്നുളളതല്ല ഈ ചിത്രം. ഗ്രേസ് അനാട്ടമി(Grey's Anatomy) എന്ന അമേരിക്കന്‍ മെഡിക്കല്‍ ഡ്രാമ സീരിസില്‍ നിന്നുള്ളതാണ് ചിത്രമെന്ന് ഗൂഗിള്‍ റിവേഴ്‍സ് ഇമേജ് സെർച്ചിലൂടെ വ്യക്തമായി. ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസ്(Getty Images) 2006 ഡിസംബർ അഞ്ചിന് ഈ ചിത്രം പബ്ലിഷ് ചെയ്തിരുന്നു. ചിത്രത്തിനൊപ്പം ഗ്രേസ് അനാട്ടമിയുടെ വിശദമായ വിവരണവും നല്കിയിരുന്നു ഗെറ്റി ഇമേജസ്.
അതേസമയം, കൊവിഡ് 19 ബാധിച്ച് ഡോക്ടർമാർ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവർത്തകർ ഇറ്റലിയില്‍ മരണപ്പെട്ടെന്ന വാർത്ത സത്യമാണ്. ഇറ്റലിയില്‍ 100ലേറെ ഡോക്ടർമാർ മരിച്ചതായി നാല് ദിവസം മുന്‍പ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സർക്കാർ തിരിച്ചുവിളിച്ച വിരമിച്ച ഡോക്ടർമാരും മരിച്ചവരിലുണ്ട്.