'ഉമ്മ കരച്ചില്‍ നിർത്തണില്ല, ഞാന്‍ ബ്ലാക്ക്മാനല്ല; കരഞ്ഞപേക്ഷിച്ച് വടംവലിയിലെ ഉരുക്കുമനുഷ്യന്‍
മലപ്പുറം മഞ്ചേരി പുല്ലാര സ്വദേശിയാണ് ബനാത്ത് പുല്ലാര എന്ന വലിയകത്ത് അബ്ദുള്ള. വടംവലി കോർട്ടിലെ ഉരുക്കുമനുഷ്യന്‍ എന്ന വിശേഷണമുള്ള ബനാത്തിന്‍റെ ചിത്രമാണ് തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിന്ന് പിടികൂടിയ 'ബ്ലാക്ക്മാന്‍' എന്ന പേരില്‍ പ്രചരിച്ചത്.
മലപ്പുറം 'ഒരുപാട് ആരാധകരൊക്കെയുള്ളതാണ്. ആ ഇമേജൊക്കെ പോയി. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ആളുകളൊക്കെ എന്നെ നോക്കി ചിരിക്കുവാണ്. വീട്ടിലും നാട്ടിലും ഒക്കെ ഞാന്‍ കള്ളനായി. പ്രായമായ ഉമ്മയാണേ കരച്ചില്‍ നിർത്തുന്നില്ല. ഭാര്യയും നാല് കുട്ടികളുമുണ്ട്, അവരെയും ഓർക്കുമ്പോള്‍'... പറയുന്നത് കേരളത്തിലെ വടംവലി പ്രേമികളുടെ ഇഷ്ട ടീമുകളിലൊന്നായ എടപ്പാള്‍ ആഹാ ഫ്രണ്ട്സിന്‍റെ ഉരുക്കുമനുഷ്യന്‍ ബനാത്ത് പുല്ലാര.
മലപ്പുറം മഞ്ചേരി പുല്ലാര സ്വദേശിയാണ് ബനാത്ത് പുല്ലാര എന്ന വലിയകത്ത് അബ്ദുള്ള. വടംവലി കോർട്ടിലെ ഉരുക്കുമനുഷ്യന്‍ എന്ന വിശേഷണമുള്ള ബനാത്തിന്‍റെ ചിത്രമാണ് തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിന്ന് പിടികൂടിയ 'ബ്ലാക്ക്മാന്‍' എന്ന പേരില്‍ പ്രചരിച്ചത്. കുന്നംകുളത്ത് അജ്ഞാത മനുഷ്യന്‍റെയോ ബ്ലാക്ക്മാന്‍റെയോ പൊടിപോലും ഇല്ല എന്നാണ് പൊലീസ് പറയുന്നത് എന്നിരിക്കേയാണ് ഷർട്ടിടാതെ വാഹനത്തില്‍ വിയർത്തിരിക്കുന്ന ബനാത്തിന്‍റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. പിടിയിലായത് 'ബംഗാളി' ആണെന്നുവരെ ചിലർ പറഞ്ഞുപരത്തി.
'വടംവലി മത്സരത്തിന് മുന്‍പ് വെയ്റ്റ് കുറയ്ക്കാന്‍ ഇരിക്കുന്ന ചിത്രമാണത്. വെയ്റ്റ് കുറയ്ക്കല്‍ എന്താണെന്ന് വടംവലി പ്രേമികള്‍ക്കറിയാം. വ്യാജ പ്രചാരണത്തില്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്‍പിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിക്കുന്നുമുണ്ട്. വ്യാജ പ്രചാരണങ്ങള്‍ മാനസികമായി തളർത്തി. സുഹൃത്തുക്കളെല്ലാം വിളിയോട് വിളിയാണ്. എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ല'- പ്രതികരണത്തിനായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ നിന്ന് വിളിച്ചപ്പോള്‍ തൊണ്ടയിടറി ബനാത്ത് വിവരിച്ചു.
Read more: കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?
ബനാത്തിന്‍റെ പരാതിയില്‍ അന്വേഷണം നടക്കുന്നതായും കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും മഞ്ചേരി എസ്ഐ സുമേഷ് സുധാകരന്‍ വ്യക്തമാക്കി. 'പരാതി ഇന്നലെതന്നെ സൈബർ സെല്ലിന് കൈമാറിയിരുന്നു. ഫേസ്ബുക്കില്‍ വ്യാജ ചിത്രം പേസ്റ്റ് ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ് ഡിലീറ്റ് ചെയ്ത് അയാള്‍ അക്കൌണ്ടുമായി മുങ്ങി' എന്നും അദേഹം വ്യക്തമാക്കി.
ബനാത്തിന് ചേരുക 'അയേണ്‍മാന്‍' എന്ന പേര്
കേരളത്തിലെ വടംവലി പ്രേമികളുടെ ജീവശ്വാസമാണ് എടപ്പാള്‍ ആഹാ ഫ്രണ്ട്സും ബനാത്ത് പുല്ലാരയും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് എം എസ് ധോണി എന്നതുപോലെയാണ് എടപ്പാളിന് ബനാത്ത്. കിരീടങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന എടപ്പാളിന്‍റെ ഏറ്റവും ആരാധക പിന്തുണയുള്ള താരം. മസില്‍മാനെങ്കിലും എല്ലാവരോടും ചിരിച്ച് കുശലംപറയുന്ന ശീലക്കാരനാണ്. അതാണ് ആരാധക പിന്തുണയില്‍ ബനാത്തിന്‍റെ തട്ട് ഏറെ താണിരിക്കാനുള്ള ഒരു കാരണം.
ബനാത്തിന്‍റെ കൈക്കരുത്തിലും കാല്‍ക്കരുത്തിലും ആർക്കും സംശയം വേണ്ട. മത്സരിക്കുന്ന മിക്കയിടങ്ങളിലും കപ്പുമായി മടങ്ങുന്ന ആഹാ ഫ്രണ്ട്സിന്‍റെ കുപ്പായത്തില്‍ ബനാത്ത് പുല്ലാരയുടെ വിയർപ്പിന്‍റെ അംശം ഏറെ. ഒരു സീസണില്‍ എഴുപതോളം മത്സരങ്ങള്‍. അങ്ങനെ എട്ട് വർഷം. ഇതിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളിലടക്കം തീപാറും പോരാട്ടം. മുംബൈ, ദില്ലി, ചെന്നൈ തുടങ്ങി ഇന്ത്യന്‍ പര്യടനവും അനേകം. എടപ്പാളിനൊപ്പം മൂന്നുതവണ സംസ്ഥാന ചാമ്പ്യന്‍മാരായി. എണ്ണിയാലൊടുങ്ങാത്ത കിരീടങ്ങള്‍ ഷോക്കേസിലാക്കിയ എടപ്പാളിന്‍റെ ഏറ്റവും വലിയ ട്രോഫി ഈ പച്ചമനുഷ്യന്‍ തന്നെ.
പ്രിയതാരത്തെ അപമാനിച്ച സംഭവത്തില്‍ വടംവലി പ്രേമികള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
ശരിക്കും കുന്നംകുളത്ത് ബ്ലാക്ക്മാനുണ്ടോ
ഏഴടി ഉയരം, കാലുകളില്‍ സ്പ്രിങ്. മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടുന്നു, വീടുകളുടെ മുകളിലേക്ക് ഓടിക്കയറുന്നു. പലയിടങ്ങളില്‍ കണ്ടു. ബ്ലാക്ക്മാനോ സ്പ്രിങ്മാനോ അതോ കള്ളനോ... കുന്നംകുളത്തെ അജ്ഞാത രൂപത്തെ കുറിച്ച് വാട്‍സ്ആപ്പില്‍ നിറഞ്ഞ കഥകളാണിത്. എന്നാല്‍ പ്രചരിക്കുന്നത് വെറും കഥകള്‍ മാത്രമാണെന്നും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും കുന്നംകുളം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.