ലോക്ക് ഡൌണ്‍ മെയ് നാല് വരെ നീട്ടിയെന്ന് വ്യാപക പ്രചാരണം; സത്യമറിയാം
രാജ്യത്ത് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൌണ്‍ ഏപ്രില്‍ 14-ാം തിയതിയാണ് അവസാനിക്കേണ്ടത്
ദില്ലി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ മെയ് നാല് വരെ നീട്ടിയെന്ന് വ്യാജ പ്രചാരണം. ഒരു ദേശീയ ചാനലിന്‍റെ ലോഗോ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ സ്‍ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ലോക്ക് ഡൌണ്‍ നീട്ടുന്നതായി പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും വ്യാജ പ്രചാരണത്തില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) രംഗത്തെത്തി.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൌണ്‍ ഏപ്രില്‍ 14-ാം തിയതിയാണ് അവസാനിക്കുക. ലോക്ക് ഡൌണ്‍ നീട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൌണ്‍ നീട്ടുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചന നടത്തിയിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ അത്ഭുതമുളവാക്കുന്നു എന്നുമായിരുന്നു അദേഹത്തിന്‍റെ പ്രതികരണം.
ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.
Read more: കൊവിഡ് 19: മാനവരാശി കാത്തിരുന്ന വാക്സിന്‍ തയ്യാറായോ? പ്രചാരണത്തിലെ സത്യമെന്ത്
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക