പാക് വിമാന ദുരന്തം: മരിച്ചവരില്‍ ക്രിക്കറ്റര്‍ യാസിര്‍ ഷായും എന്ന് പ്രചാരണം; മറുപടിയുമായി ക്രിക്കറ്റ് ബോര്‍ഡ്
വിമാനാപകടത്തില്‍ ക്രിക്കറ്റര്‍ യാസിര്‍ ഷാ മരിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണമുണ്ട്. എന്നാല്‍ പ്രചാരണങ്ങള്‍ക്ക് പിന്നിലെ കള്ളക്കളി പുറത്തുവന്നിരിക്കുകയാണ്.
കറാച്ചി: കറാച്ചിയില്‍ പാക് ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 97 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. രണ്ട് പേര്‍ മാത്രമാണ് അപകടത്തെ അതിജീവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വിമാനാപകടത്തില്‍ പാക് ക്രിക്കറ്റര്‍ യാസിര്‍ ഷാ മരിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണമുണ്ട്. എന്നാല്‍, പ്രചാരണങ്ങള്‍ക്ക് പിന്നിലെ കള്ളക്കളി പുറത്തുവന്നിരിക്കുകയാണ്.
വൈറലായ സന്ദേശങ്ങള്‍ ഇങ്ങനെ
ഹൃദയഭേദകമായ വാര്‍ത്ത(Heart Breaking News) എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകളും ട്വീറ്റുകളും സജീവമായത്. 'പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റര്‍ യാസിര്‍ ഷാ അപകടത്തില്‍ മരിച്ചു. അപകടം നടക്കുമ്പോള്‍ യാസിര്‍ ഷാ വിമാനത്തിലുണ്ടായിരുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്'- ഇതായിരുന്നു പ്രചാരണം. മരിച്ചുകിടക്കുന്ന ഒരാളുടെ ചിത്രവും ഒപ്പമുണ്ടായിരുന്നു.
'സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായ യാസിര്‍ ഷാ വിമാനാപകടത്തില്‍ മരണപ്പെട്ടത് അതിയായ ദുഃഖമുണ്ടാക്കുന്നു. എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ബൗളര്‍മാരില്‍ ഒരാളാണ് യാസിര്‍ ഷാ'- എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
വസ്‌തുത
എന്നാല്‍, യാസിര്‍ ഷാ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നു എന്ന പ്രചാരണം വ്യാജമാണ്. വസ്‌തുതാ പരിശോധനാ വെബ്‌സൈറ്റായ ബൂംലൈവാണ് ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ വസ്തുത പുറത്തുകൊണ്ടുവന്നത്.
വസ്‌തുതാ പരിശോധനാ രീതി
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പേരുവിവരങ്ങള്‍ പാകിസ്ഥാനിലെ പ്രമുഖ മാധ്യമങ്ങളായ ഡോണും ജിയോ ടിവിയും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ഇതില്‍ യാസിര്‍ ഷാ എന്ന ഒരാളുടെ പേരില്ല.
യാസിര്‍ ഷാ വിമാനത്തില്‍ ഉണ്ടായിരുന്നില്ല എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ് എന്നും ബോര്‍ഡ് സീനിയര്‍ മാനേജര്‍ റാസ ബൂംലൈവിനോട് പറഞ്ഞു.
പാക് വിമാനാപകടം: മരണം 97
ലാഹോറിൽ നിന്നുള്ള വിമാനം വെള്ളിയാഴ്‌ചയാണ് കറാച്ചിയില്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരാണുണ്ടായിരുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നപ്പോള്‍ 11 നാട്ടുകാർക്കും പരിക്കേറ്റു. പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സർക്കാർ അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാനിലെ സെലിബ്രിറ്റി താരദമ്പതികളായ ഡാനിഷ് തൈമൂറും ആയീസാ ഖാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നും പ്രചാരണമുണ്ടായിരുന്നു. പാകിസ്ഥാനിലെ അറിയപ്പെടുന്ന ചലച്ചിത്ര-ടെലിവിഷന്‍ അഭിനേതാക്കളും മോഡലുമാണ് ഇരുവരും. എന്നാല്‍, ഈ പ്രചാരണവും വ്യാജമാണ് എന്ന് തെളിഞ്ഞു.
കറാച്ചി വിമാനാപകടത്തില്‍ മരിച്ചവരില്‍ പാക് താരദമ്പതികളും? അഭ്യൂഹങ്ങള്‍ക്ക് വിരാമം; വസ്‌തുത പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...